കൊട്ടിയൂർ: പാൽച്ചുരം പുതിയങ്ങാടി മേമലയിൽ ആൾ താമസമില്ലാത്ത വീടിനോട് ചേർന്ന സ്ഥലത്തുനിന്നും എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 75 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി അബ്കാരി കേസെടുത്തു. ഇന്നലെ നടന്ന റെയ്ഡിലാണ് ബാരലിലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. എന്നാൽ പ്രതികളാരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പേരാവൂർ എക്‌സൈസൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ എം.പി. സജീവന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു എന്നിവർ ചേർന്നായിരുന്നു റെയ്ഡിനെത്തിയത്. വാഷ് സൂക്ഷിച്ചവരെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി എക്‌സൈസ് അധികൃതർ അറിയിച്ചു.
പടം :പാൽച്ചുരത്ത് മേമലയിൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ പിടികൂടിയ വാഷും വാറ്റുപകരണങ്ങളും