തലശ്ശേരി: ലോക പ്രശസ്ത സസ്യശാസ്ത്ര പ്രതിഭാസമായിരുന്ന ഇ.കെ. ജാനകിയമ്മാളിന്റെ പ്രമുഖ ശിഷ്യനും സഹപ്രവർത്തകനുമായ വിഖ്യാത ശാസ്ത്രജ്ഞൻ ഡോ. ടി.വി.ശ്രീനിവാസൻ (79) കോയമ്പത്തൂരിൽ നിര്യാതനായി.
കോയമ്പത്തൂർ കരിമ്പ് ഗവേഷണ കേന്ദ്രം മുൻ ഡയറക്ടറായിരുന്ന ശ്രീനിവാസൻ, രാജ്യാന്തര യൂണിവേഴ്സിറ്റികളിൽ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു.
കേരളത്തിലെ കണ്ണൂർ പ്രദേശിക കരിമ്പ് ഗവേഷണ കേന്ദ്രത്തെ രാജ്യത്തെ ഏറ്റവും കൂടുതൽ കരിമ്പിനങ്ങളുള്ള കേന്ദ്രമാക്കി വികസിപ്പിച്ചെടുത്തത് ഡോ: ജാനകിയമ്മാളും ഡോ.ശ്രീനിവാസനുമായിരുന്നു. അത്യുത്പാദന ശേഷിയുള്ള ഈ കരിമ്പിനങ്ങളൊക്കെ ലോകശ്രദ്ധ പിടിച്ചുപറ്റിയവയാണ്.രാജ്യത്തെ ഏതാണ്ട് എല്ലാ കരിമ്പ് ഗവേഷണ കേന്ദ്രങ്ങളിലും ശാസത്ര ഉപദേഷ്ടാവായിരുന്നിട്ടുണ്ട്.
കോയമ്പത്തൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞ ഡോ: എൻ.സി. ജലജയാണ് ഭാര്യ. അമേരിക്കയിൽ ശാസ്ത്രജ്ഞരായ ഡോ: സഞ്ജയ്, ഡോ: ജയന്ത് എന്നിവർ മക്കളും, വീണ (എഞ്ചിനിയർ അമേരിക്ക) മരുമകളുമാണ്.
കോടിയേരിയിലെ പരേതരായ വിദ്വാൻ കെ.ടി. കൃഷ്ണൻ ഗുരിക്കളടേയും, വടക്കയിൽ വേലാണ്ടി ദേവകിയുടെയും മകനാണ്.
കേരള ഹൈക്കോടതി മുൻ ജഡ്ജി ടി.വി.രാമകൃഷ്ണൻ, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ മുൻ അസോസിയേറ്റ് പ്രൊഫസർ പരേതനായ ഡോ. ടി.വി.വിശ്വനാഥൻ, റിട്ട: സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി.വി.വസുമിത്രൻ (ടെമ്പിൾ ഗേറ്റ്) ടി.വി.ശാരദാമണി (കോടിയേരി) പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ടി.വി. വസുമതി (ചൊക്ലി മെഡിക്കൽ സെന്റർ) എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം ഇന്ന് കോയമ്പത്തൂരിൽ നടക്കും.