
കാസർകോട്: അതിർത്തി തുറന്ന് കേരളത്തിലുള്ളവർക്ക് കർണാടകയിൽ ചികിത്സ ലഭ്യമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. നിബന്ധനകളോടെ അതിർത്തി തുറക്കുമെന്ന് ഇന്ന് രാവിലെ പ്രഖ്യാപിച്ച ഉടനെ ആണ് കർണാടക സർക്കാർ വീണ്ടും നിലപാട് മാറ്റിയത്. കർശനമായ പരിശോധന നടത്തി ഉറപ്പുവരുത്തിയശേഷം രോഗികളെ കടത്തിവിടാൻ തലപ്പാടിയിൽ ഡോക്ടറെ വരെ നിയമിച്ചതിന് ശേഷമാണ് കർണാടക സർക്കാർ വീണ്ടും മലക്കംമറിഞ്ഞത്.
സുപ്രീം കോടതിയിൽ അപ്പീൽ നൽകാനും കോടതി വിധി വരുന്നതുവരെ ഒരു വാഹനവും കടത്തി വിടരുതെന്നുമാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന പൊലീസുകാർക്ക് സർക്കാർ നിർദേശം നൽകിയത്. ആംബുലൻസുകൾ പോലും കടത്തി വിടരുത് എന്നാണ് പുതിയ നിർദ്ദേശം. അതേസമയം ഹൈക്കോടതി വിധി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ കർണാടക സർക്കാറിൽ സമ്മർദ്ദം ചെലുത്തി വരികയാണ്.
അതേസമയം, കാസര്‍കോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ കര്‍ണാടക സത്യവാങ്മൂലം നൽകാനിടയുണ്ടെന്നാണ് അറിയുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കാൻ വിസമ്മതിച്ച് കര്‍ണാടക. അതിര്‍ത്തി റോഡുകൾ തുറക്കണമെന്നും ചികിത്സാ ആവശ്യങ്ങൾക്കെത്തുന്നവരെ തടയരുത് എന്നുമാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്.എന്നാൽ പ്രശ്നം പരിഹാരം ഇതുവരെ ആയിട്ടില്ല. രോഗികൾ അടക്കം നിരവധി പേരാണ് ഇതുമൂലം വലയുന്നത്. ആംബുലൻസുകൾ പോലും കടത്തിവിടാൻ ഇപ്പോഴും കർണാടക തയ്യാറായിട്ടില്ല. കോവിഡ് വ്യാപനത്തിന്‍റെ കൂടി പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയാണ് ഇത് മൂലം കാസര്‍കോട്ട് ഉണ്ടായിട്ടുള്ളത്.
അതിർത്തി അടച്ച കർണാടകത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ഇത് നാളെ കോടതി പരിഗണിക്കും. അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ കർണാടക സർക്കാർ, ഒരു ഡോക്ടറെ അതിർത്തിയിൽ നിയമിച്ചിരുന്നു. കാസർകോഡ് ജില്ലയിൽ നിന്നും വരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം സംസ്ഥാനത്തേക്ക് കടത്തിവിടാനായിരുന്നു ഇത്. നില അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കടത്തിവിടൂ എന്നാണ് കർണാടകയുടെ തീരുമാനം. ഇന്ന് ഇതുവരെയായും ആരെയും മംഗലാപുരത്തേക്ക് കടത്തിവിട്ടിട്ടില്ല. അതേസമയം കേരള ഹൈക്കോടതി വിധിക്കെതിരെ ഉടൻ കോടതിയെ കര്‍ണാടകം സമീപിക്കില്ലെന്നാണ് സൂചന. വിധി അറിഞ്ഞ ശേഷം തുടര്‍ നടപടി എന്ന ആലോചനയാണ് കര്‍ണാടക സര്‍ക്കരിന്‍റെ ഭാഗത്ത് നിന്ന് ഉള്ളതെന്നാണ് വിവരം.