കണ്ണൂർ: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരോടൊപ്പം കൈകോർത്ത് സിവിൽ ഡിഫൻസ് വോളണ്ടിയർമാർ. ഓരോ സ്റ്റേഷൻ പരിധിയിലും അൻപതോളം പേരാണ് വിവിധ ആവശ്യങ്ങൾക്കായുള്ളത്. ജനങ്ങളെല്ലാം വീട്ടിൽ തന്നെ കൂടിയതിനാൽ തീപിടുത്തങ്ങളോ മറ്റ് പ്രശ്നങ്ങളോ ഫയർ ഫോഴ്സിനില്ല. ഇതോടെ ജനം തിങ്ങിക്കൂടിയ മേഖലകളെല്ലാം ശുചീകരിച്ച് വൈറസ് സാന്നിദ്ധ്യം ഒഴിവാക്കുകയാണ്. ഇവരോടൊപ്പമാണ് സിവിൽ ഡിഫൻസ് കൈകോർത്തത്. പല പ്രദേശങ്ങളിലും ദുരന്തമുണ്ടാകുമ്പോൾ അടിയന്തരമായി ഇടപെടാനും ഫയർ ഫോഴ്സിനെ സഹായിക്കാനുമാണ് തിരഞ്ഞെടുത്തവർക്ക് പരിശീലനം നൽകിയത്. കണ്ണൂരിലെ പത്ത് ഫയർ സ്റ്റേഷനുകളിലായി ഇവർ അഞ്ഞൂറു പേരുണ്ട്. നഗരങ്ങളിലെ മാർക്കറ്റ്, കട, വരാന്ത, റോഡ് എന്നിവിടങ്ങളിലെല്ലാം ശുചീകരണമുണ്ട്. ആംബുലൻസ് സഹായം ലഭിക്കാൻ വൈകിയാൽ ഫയർ ഫോഴ്സ് സഹായിക്കും. ഭക്ഷണവും മരുന്നും എത്തിക്കാനും ഇവരുടെ സേവനമുണ്ടാകും.