മലബാർ: താനൂർ അരീക്കോട് ജുമാ മസ്ജിദ് തീവച്ച് നശിപ്പിക്കാൻ ശ്രമം. ഇന്നലെ അർദ്ധരാത്രി 12നാണ് സംഭവം. പള്ളിക്കകത്ത് കയറിയ യുവാവ് കുത്തുബ നടത്തുന്ന വേദിക്കാണ് തീ വച്ചത്. ഏതാണ്ട് 200 വർഷം പഴക്കമുള്ള വേദിയാണ് തീ വച്ച് നശിപ്പിച്ചത്. പത്ത് ലക്ഷത്തോളം രൂപ നഷ്ടം വരുമെന്ന് പള്ളികമ്മറ്റി സെക്രട്ടറി മുഹമ്മദ് കുട്ടി പറഞ്ഞു. സംഭവത്തിൽ ഒരു മുസ്ലീം യുവാവിനെ താനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുറ്റം ഏറ്റുപറഞ്ഞെന്ന് പൊലീസ് പറഞ്ഞു. ബോധപൂർവ്വം വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണോ, അതല്ല യുവാവിന് മാനസിക വിഭ്രാന്തി ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. പള്ളിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വിശ്വാസികൾ ആത്മസംയമനം പാലിക്കണമെന്ന് പള്ളികമ്മറ്റി സെക്രട്ടറി മുഹമ്മദ്കുട്ടി അറിയിച്ചു.