കണ്ണൂർ: കൊവിഡ് 19 വ്യാപനം തടയാനായി ഏർപ്പെടുത്തിയ നിയന്ത്രണം വ്യാപകമായി ലംഘിക്കുന്നു. വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങിയ സംഭവത്തിൽ ഇന്നലെ കണ്ണൂർ ജില്ലയിൽ 108 വാഹനങ്ങൾ പിടിച്ചെടുത്തു. വടക്കേയറ്റത്തെ പയ്യന്നൂർ മുതൽ തെക്കേയറ്റത്തെ ന്യൂമാഹി സ്റ്റേഷൻ വരെയും മലയോരത്തെ ചെറുപുഴ മുതൽ കേളകം വരെയും കർശന പരിശോധന നടത്തിയതിന്റെ ഭാഗമാണ് ഈ കണക്കുകൾ. 154 കേസുകളിലായി 161 പേരെ അറസ്റ്റ് ചെയ്തിരുന്നു. വാഹനങ്ങൾ നിശ്ചിത ദിവസം കഴിയുന്നവരെ സ്റ്റേഷൻ വളപ്പിൽ വെയിലേറ്റ് കിടക്കും. ഇതിന് ശേഷം പിഴ ഈടാക്കിയേ വിട്ടുനൽകൂ. കേസിനും പിഴ അടക്കേണ്ടി വരും. ഇനി നടപടി കർശനമാക്കാനാണ് നീക്കം.