കണ്ണൂർ: ദുബായിലെ പ്രധാന വ്യാപാര കേന്ദ്രമായ നൈഫ് മേഖലയെ വെട്ടിലാക്കിയത് ചൈനയുമായുള്ള വ്യാപാര ബന്ധം. ചൈനയിൽനിന്നും എത്തുന്ന ഇലക്ട്രോണിക്സ് ഉത്പന്നങ്ങളാണ് നൈഫിലെ പ്രധാന വ്യാപാരം. കാസർകോട് സ്വദേശികളായ 75 ആളുകൾ നൈഫ് മേഖലയിലെ വ്യാപാരികളാണ്. കൂടാതെ കേരളത്തിൽനിന്നുള്ള നൂറു കണക്കിന് ആളുകൾ നൈഫ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ദുബയിലെ ഏറ്റവും വലിയ വ്യാപാരം നടക്കുന്ന പ്രദേശംകൂടിയാണ് നൈഫ്. സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ എല്ലാത്തരം സാധനങ്ങളുടെയും വില്പന കേന്ദ്രമാണ് ഇവിടം. യു.എ.ഇയിലെ പ്രധാനപ്പെട്ടതും പുരാതനവുമായ മൊത്തക്കച്ചവട കേന്ദ്രവും ഈ പ്രദേശത്താണ്. ലോകത്തെ ഏത് പ്രദേശത്തെ ഇടത്തരം ആളുകളും ദുബയിലെ നൈഫിൽ ഒന്ന് കയറാതെ പോകില്ല. ചൈനയിൽ നിന്നാണ് നൈഫിലേക്ക് പലവിധ സാധനങ്ങൾ എത്തുന്നത്. ദിവസേന നൂറുകണക്കിന് ചൈനക്കാർ വിൽപ്പനയ്ക്കുള്ള സാധനങ്ങളുമായി ഇവിടേക്ക് എത്താറുണ്ട്. കൂടാതെ ചൈനയിൽനിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങി കച്ചവടം നടത്തുന്നവരും നൈഫിലുണ്ട്. ചൈനയിലെ വുഹാനിൽ കൊവിഡ് 19 പടർന്ന് പിടിച്ചപ്പോൾ രോഗവാഹകർ ആദ്യം എത്തിയത് ദുബയ് ഗേരയിലെ നൈഫിലായിരുന്നു. ഏറ്റവും തിരക്കേറിയ ഈ മാർക്കറ്റിൽ അതു കൊണ്ട് തന്നെ രോഗത്തിന്റെ വ്യാപനം പെട്ടെന്ന് തുടങ്ങുകയും ചെയ്തു.
ഒരു മുറിയിൽ തന്നെ നിരവധി ആളുകൾ മുട്ടിയുരുമ്മി താമസിക്കുന്നതിനാൽ പലർക്കും അത് കൈമാറി കിട്ടി. കാസർകോട് ജില്ലയിൽ രോഗ വ്യാപനത്തിന് കാരണക്കാരനായ ഏരിയാൽ സ്വദേശി എത്തിയതും നൈഫിൽനിന്നുമാണ്. നൈഫിലെ പലരും ഇതിനിടയിൽ കാസർകോട് എത്താൻ തുടങ്ങിയിരുന്നു. കാസർകോട്ടെ രണ്ടാമത്തെയും മൂന്നാമത്തെയും രോഗികൾ വലിയ തോതിൽ പൊതുജന സമ്പർക്കം പുലർത്തിയിരുന്നു. പലരുടെയും റൂട്ട് മാപ്പുകൾ പോലും ഭാഗികമായിരുന്നു. ഇതിനിടയിലാണ് കാസർകോട്ട് ആദ്യം ലോക് ഡൗൺ പ്രഖ്യാപിച്ചത്. പിന്നാലെ കേരളം മുഴുവനും പിന്നീട് ഇന്ത്യ മുഴുവനും ലോക്ഡൗണിലായി. ഇതുവരെയായി കാസർകോട്ട് കൊവിഡ് റിപ്പോർട്ട് ചെയ്ത 127 പേരിൽ 28 പേർ ഒഴികെ മറ്റുള്ളവരെല്ലാം വിദേശത്ത് നിന്നും എത്തിയവരായിരുന്നു. ഇതിൽ ഏറിയകൂറും നൈഫിലുള്ളവരാണ്. ദുബാായ് നൈഫിൽ നിന്ന് നാട്ടിലെത്തിയവർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്ത് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ജില്ല മെഡിക്കൽ ഓഫിസറുടെ നിർദ്ദേശം. അതിനിടെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 7 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ കാസർകോട്ടുകാരുടെ ആശങ്ക ഇരട്ടിച്ചിരിക്കയാണ്. ഇവരും വിദേശത്ത്നിന്ന് എത്തിയവരാണ്.