aanthoor

കണ്ണൂർ: കൊവിഡ് 19 കാലത്ത് ജനം വെറുതേ വീട്ടിലിരുന്ന് മുഷിയാതിരിക്കാൻ ആന്തൂരിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ. വീട്ടിലിരിക്കാം വിളവൊരുക്കാമെന്ന മുദ്രാവാക്യത്തോടെ നഗരസഭയിലെ വീടുകളിലേക്ക് പച്ചക്കറി വിത്ത് നൽകും. 28 വാർഡുകളിലെ 5,500 ഓളം വീടുകളിൽ പകുതിയിടത്തെങ്കിലും കുറ്റിപ്പയർ, പടരുന്ന പയർ, നാടൻ ആനക്കൊമ്പൻ വെണ്ട എന്നിവയുടെ വിത്ത് നൽകും. വേഗത്തിൽ വിളവെടുക്കാൻ ലക്ഷ്യമിട്ട് 35 വിത്തുകളാണ് നൽകുക. കുട്ടികളൊക്കെ മുതിർന്നവരുടെ നിർദ്ദേശ പ്രകാരം ഇറങ്ങുന്നതോടെ അൻപത് ദിവസത്തിനകം വിളവെടുക്കാം. കാർട്ടൂൺ ചാനലിലും മൊബൈലിലും അഭയം പ്രാപിച്ചവർക്ക് കൃഷി പഠിക്കാനുമാകും.

ലോക്ക് ഡൗൺകാലം കൃഷിയ്ക്കായി വിനിയോഗിക്കാൻ മുഖ്യമന്ത്രി പറഞ്ഞതോട ആളുകൾക്കൊക്കെ താത്പര്യം കൂടിയിട്ടുണ്ട്. പക്ഷേ, വിത്ത് കിട്ടാനുണ്ടായിരുന്നില്ല. കൃഷിഭവന്റെ ഇടപെടലോടെ അതിന് പരിഹാരമാകുമെന്ന് കൃഷി ഓഫീസർ വിനോദ്കുമാർ പറഞ്ഞു. പ്രത്യേക സ്ഥലത്ത് നിന്നോ പത്രത്തോടൊപ്പമോ വിതരണം ചെയ്യാനാണ് ആലോചന. നാളെ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ പദ്ധതി തുടങ്ങും. പറ്റുന്നിടത്തൊക്കെ പൊലീസും വിതരണം ചെയ്യും.

ജീവനി പദ്ധതിയുടെ ഭാഗമായി നേരത്തെ വിത്ത് സംഭരണം തുടങ്ങിയിരുന്നു. ഇതൊക്കെ ഈ അവസരത്തിൽ നൽകാനാകും. മുൻപ് ജനങ്ങൾക്ക് നൂറ് തൈകൾ വീതം നൽകി 160 തോട്ടമുണ്ടാക്കിയിരുന്നു. ഇവിടെ വിളവെടുപ്പ് നടക്കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് പച്ചക്കറി നൽകുന്നത്. ഇതോടെ പച്ചക്കറി പുറത്ത് നിന്നും വാങ്ങേണ്ടി വരുന്നില്ല. ബക്കളത്ത് ഇക്കോഷോപ്പും പ്രവർത്തിക്കുന്നുണ്ട്. ചേന, കായ, വെള്ളരിയൊക്കെ ഇവിടെ സംഭരിച്ച് വിൽക്കുന്നു. മുൻകൂട്ടി വിളിച്ച് പറഞ്ഞാണ് വിൽപ്പന. നിശ്ചിത സമയം നൽകുന്നതോടെ തിരക്ക് ഒഴിവാക്കാനാകുന്നുണ്ട്. 90 ഏക്കറിൽ 15 ഏക്കർ സ്ഥലമാണ് ഇപ്പോൾ വിളവെടുപ്പിന് ഒരുങ്ങിയത്. നാടൻ പച്ചക്കറികൾ ന്യായ വിലയ്ക്ക് വിൽക്കാനാകുന്നുണ്ട്.

മേയ് മാസത്തിൽ 15 ഹെക്ടർ സ്ഥലത്ത് കൂടി പച്ചക്കറി കൃഷി തുടങ്ങും. ഓണം ലക്ഷ്യമിട്ട് ചേന കൃഷിയും തുടങ്ങുന്നുണ്ട്. 98 ശതമാനം സ്ഥലവും കൃഷി യോഗ്യമാക്കിയ നഗരസഭയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇത് നൂറ് ശതമാനത്തിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.