കണ്ണൂർ: കൊവിഡ് എന്ന മഹാമാരി കളിയാട്ടം തുടങ്ങിയതോടെ മലബാറിലാകെ ഉറഞ്ഞുതുള്ളിയിരുന്ന തെയ്യങ്ങളും ചുവടുവയ്ക്കാനാവാതെ വീടുകളിലേക്ക് പിൻവാങ്ങി. ഫലമോ?കാൽ ലക്ഷത്തോളം തെയ്യം കലാകാരന്മാരും അവരുടെ കുടുംബവും മുഴുപ്പട്ടിണിയിലായി. ശൂന്യതയുടെ മേളപ്പെരുക്കങ്ങളും കൊടിയ ദാരിദ്ര്യവും മാത്രമാണ് മുന്നിലുള്ളത്. ലോക്ക് ഡൗൺ കഴിഞ്ഞാലും ജീവിതം തിരിച്ചുപിടിക്കാനാവില്ലെന്നോർത്ത് സങ്കടപ്പെടുകയാണിവർ. ദൈവത്തിന്റെ പ്രതിരൂപങ്ങളായി വേഷമിടുന്നതിനാൽ തെയ്യം കലാകാരന്മാർ മറ്റു പണിക്കൊന്നും പോകാറില്ല. ഒരു വർഷത്തേക്കുള്ള ജീവിതവഴി കണ്ടെത്തുന്നത് മൂന്നു മാസം കൊണ്ട് കിട്ടുന്ന പ്രതിഫലത്തിലാണ്. മൂന്നു മാസം കളിയാട്ടവും ബാക്കിയുള്ള കാലം വിശ്രമവുമാണിവർക്ക്. ഈ സമയം മുന്നിൽ കണ്ട് ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്തും ചെലവു നടത്തും. നവംബർ മുതൽ തെയ്യക്കാലം തുടങ്ങുന്നുണ്ടെങ്കിലും മാർച്ച് മുതൽ മേയ് വരെയാണ് തിരക്കേറുന്നത്. കാവുകളിൽ നിന്ന് കാവുകളിലേക്കുള്ള വേഷപ്പകർച്ച ഇവരുടെ ജീവിതത്തിനും വെളിച്ചമാണ്. തെക്ക് കോരപ്പുഴ മുതൽ വടക്ക് കാസർകോട് വരെയുള്ള കാവുകളിലാണ് തെയ്യംകെട്ട് ഉത്സവങ്ങൾ നടക്കാറുള്ളത്. മലയൻ, വണ്ണാൻ, പെരുവണ്ണാൻ തുടങ്ങിയ ഇരുപതോളം പിന്നാക്ക സമുദായങ്ങളിൽ പെട്ടവരാണ് തെയ്യം കെട്ടുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവരും ഇക്കൂട്ടത്തിൽ പെടുന്നു.
300 തെയ്യങ്ങൾ
മുന്നൂറോളം തെയ്യങ്ങൾ മലബാറിലുണ്ട്. വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇതിൽ സ്ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യങ്ങളുമുണ്ട്.
വരുമാനം 10,000 മുതൽ
ക്ഷേത്ര ഭാരവാഹികൾ നൽകുന്ന കോളിനൊപ്പം (പ്രതിഫലം) അനുഗ്രഹം തേടിയെത്തുന്ന ഭക്തർ നൽകുന്ന നേർച്ചപ്പണവും ഇവർക്കുള്ളതാണ്. ഒരു കളിയാട്ടം കഴിയുമ്പോൾ രണ്ടും കൂടി 10,000 മുതൽ 25,000 രൂപ വരെ പോക്കറ്റിലെത്തും. സീസൺ തുടങ്ങിയാൽ മിക്കവാറും എല്ലാ ദിവസവും പരിപാടിയുണ്ടാവും.
പ്രതികരണം
മറ്റു ജോലി ചെയ്യുന്നവർക്ക് ലോക്ക് ഡൗൺ കഴിഞ്ഞാലെങ്കിലും പ്രതീക്ഷയുണ്ട്. തെയ്യം കലാകാരന്മാർക്ക് അടുത്ത വർഷമാകണം.
- അരോളി വീട്ടിൽ ഹരിദാസൻ,
കർമ്മി.
തെയ്യക്കാരുടെ ജീവനും ജീവിതവും വഴിമുട്ടിയ സാഹചര്യത്തിൽ സർക്കാർ സാമ്പത്തിക സഹായം കൊണ്ടുമാത്രമേ മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ.
- പ്രകാശൻ പിലാത്തറ, സംസ്ഥാന സെക്രട്ടറി,
ഉത്തരകേരള അനുഷ്ഠാന സംരക്ഷണ സമിതി.