കണ്ണൂർ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രീതിയിൽ വൻതോതിൽ അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കുന്ന ഏപ്രിൽ ഒന്നിലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളാ പ്രൈവറ്റ് കോളേജ് മാനേജ്‌മെന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഡോ.എം.ഉസ്മാൻ എന്നിവർ ആവശ്യപ്പെട്ടു.

ഉത്തരവ് മൂലം എണ്ണൂറോളം പി.ജി കോഴ്സുകളിലായി എയ്ഡഡ് കോളേജുകളിൽ മാത്രം രണ്ടായിരത്തോളം അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടും. സർക്കാർ കോളേജുകളിലും സർവ്വകലാശാലാ പഠന വകുപ്പുകളിലും നഷ്ടപ്പെടുന്ന തസ്തികകൾ ഇതിന് പുറമെയാണ്. ഹൈക്കോടതി ഉത്തരവനുസരിച്ച് 2010 സെപ്തംബർ 18 മുതൽ സംസ്ഥാനത്ത് യു.ജി.സി റഗുലേഷൻസ് നിലവിലിരിക്കെ ഇപ്പോൾ യു.ജി.സി റഗുലേഷന്റെ പേരിൽ ഇത്തരമൊരു ഉത്തരവിന് ന്യായീകരണമില്ല. സംസ്ഥാനത്തെ കോളേജുകളിൽ അദ്ധ്യാപക ജോലിഭാരം നിർണയിക്കുന്നതിനായി കേരളാ ഹയർ എഡ്യുക്കേഷൻ കൗൺസിലിന്റെ ശുപാർശയനുസരിച്ച് സർക്കാർ സമഗ്രമായ ഉത്തരവിറക്കിയതാണ്. ഇക്കാര്യം പൂർണ്ണമായി മറച്ച് വെച്ച് കൊണ്ടാണ് ഇപ്പോഴത്തെ ഉത്തരവിറക്കിയിരിക്കുന്നത്. 2013ൽ അനുവദിച്ച കോഴ്സുകൾക്ക് സ്ഥിരം അദ്ധ്യാപക തസ്തികകൾ അനുവദിക്കാതെ ഇപ്പോൾ നിലവിലുള്ള തസ്തികകൾ പോലും റദ്ദാക്കുന്ന ഉത്തരവ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ നിലവാരത്തകർച്ചക്കിടയാക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.