കാസർകോട്: വീട്ടിലിരുന്ന് മടുത്തപ്പോൾ ആഡംബര കാറുമായി 'തമാശയ്ക്ക്' കൊവിഡ് ടെസ്റ്റിനെത്തിയ യുവാക്കളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓടിച്ചുവിട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ണുരുട്ടിയതോടെയാണ് സംഘം തിരിച്ചുപോയത്.
കാസർകോട് ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊവിഡിനെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അധികൃതർ രാപകലില്ലാതെ കഷ്ടപ്പെടുമ്പോഴാണ് യുവാക്കളുടെ ഈ തമാശ. കാസർകോട് നഗര പരിധിയിൽ താമസിക്കുന്ന രണ്ടു ചെറുപ്പക്കാരാണ് കൊവിഡ് പരിശോധനയ്ക്ക് എന്ന പേരിൽ ആഡംബര കാറിൽ ജനറൽ ആശുപത്രിയിൽ എത്തിയത്.
കൊവിഡ് പരിശോധനാകേന്ദ്രത്തിൽ എത്തിയ യുവാക്കളോട് ഗൾഫിൽ നിന്നു വന്നതാണോ, വീട്ടിൽ ആർക്കെങ്കിലും കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ, രോഗം സ്ഥിരീകരിച്ച ആരെങ്കിലുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടോ, എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടോ തുടങ്ങി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഇല്ലെന്നായിരുന്നു മറുപടി. പിന്നെ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴാണ് വെറുതെ വീട്ടിലിരുന്നു മടുത്തപ്പോ ഒന്ന് പരിശോധിച്ചുകളയാമെന്ന് വിചാരിച്ചുവെന്ന് ചെറുപ്പക്കാർ പറഞ്ഞത്. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെയാണ് ഇവർ സ്ഥലം വിട്ടത്. വഴിയിൽ പരിശോധനയ്ക്കുണ്ടായിരുന്ന പൊലീസിനെയും കബളിപ്പിച്ചാണ് സംഘം ആശുപത്രിയിൽ എത്തിയത്.