കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ സജ്ജീകരിച്ച കാൾ സെന്ററി​ന്റെ പ്രവർത്തനം ഊർജിതമായി. ആദ്യദിനം തന്നെ നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങളുമായി കാൾ സെന്ററുമായി ബന്ധപ്പെട്ടത്. മരുന്ന് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ലഭിക്കുന്നതിന് വേണ്ടിയായിരുന്നു സഹായം തേടിയത്. അതോടൊപ്പം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ കിട്ടുമോ എന്ന് അന്വേഷിച്ചവരും കുറവായിരുന്നില്ല.

ലോക് ഡൗൺ ഒൻപതാം ദിവസത്തിലേക്ക് കടന്നതോടെയാണ് യുവജനക്ഷേമ വകുപ്പിന്റെ സഹായത്തോടെ മാങ്ങാട്ടിടം പഞ്ചയത്ത് ഓഫീസ് കേന്ദ്രീകരിച്ച് കാൾ സെന്റർ പ്രവർത്തനമാരംഭിച്ചത്. യുവജനക്ഷേമ വകുപ്പ് പ്രത്യേകം നിയോഗിച്ച വോളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു സെൻ്റിൻ്റെ പ്രവർത്തനം. അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കുന്നതിന് വേണ്ടി വാർഡുതലത്തിൽ സന്നദ്ധ പ്രവർത്തകരെയും ഒരുക്കി നിർത്തിയിട്ടുണ്ട്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചണിലൂടെ ദിവസവും നിരവധി പേർക്ക് ഭക്ഷണവും നൽകി വരുന്നുണ്ട്. ലോക ബോഡി ബിൽഡിംഗ് താരം ഷിനു ചൊവ്വ കാൾ സെൻ്ററിൻ്റെ ഉദ്ഘടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.പ്രസീത, യൂത്ത് കോ ഓർഡിനേറ്റർ കെ.അജേഷ്, പഞ്ചായത്ത് അംഗങ്ങളായ സി.സദാനന്ദൻ, പുതുക്കുടി വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.

(Photo മാങ്ങാട്ടിടം പഞ്ചായത്തിൽ ആരംഭിച്ച കാൾ സെൻ്റർ)