കൂത്തുപറമ്പ്: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബീവറേജും ബാറുകളും കള്ളുഷാപ്പുകളും അടഞ്ഞതോടെ വ്യാജ വാറ്റിനെതിരെ എക്സൈസ് വകുപ്പ് നടപടി ശക്തമാക്കി. കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.പി പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സെൻട്രൽ പൊയിലൂർ പൊടിക്കളം ഭാഗത്ത് പൊടിക്കളം തോട്ടിൽ നിന്നും ചാരായം വാറ്റാനായി പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.

തോട്ടിൻ കരയിൽ പാറക്കൂട്ടങ്ങൾക്ക് സമീപം ഒളിപ്പിച്ച വച്ച ബാരലിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.കഴിഞ്ഞ ഒരാഴ്ചക്കിടെ 1000 ലിറ്ററോളം വാഷാണ് കൂത്ത്പറമ്പ് എക്സൈസ് റേഞ്ച് സംഘം വിവിധ ഭാഗങ്ങളിൽ നിന്നും. പിടികൂടിയത്.പ്രിവന്റീവ് ഓഫീസർ കെ.കെ.നജീബ്, സിവിൽ എക്സൈസ് ഓഫീസർമാരായ റോഷിത്ത്, സുനീഷ്, പ്രജീഷ്, ജലീഷ്, റിജുൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.