മാഹി: തലമുറകളെ സംസ്ഥാന, ദേശീയ താരങ്ങളാക്കി മാറ്റി​യ മയ്യഴി​യുടെ കായികാദ്ധ്യാപകൻ കെ.കെ.വേണുഗോപാൽ 31 വർഷത്തെ സർവീസി​നു ശേഷം വിരമിച്ചു. 1988ൽ സർവീസിൽ പ്രവേശിച്ച വേണുമാസ്റ്റർ സ്‌കൂൾ വി​ദ്യാഭ്യാസ കാലത്തു തന്നെ മികച്ച അത്‌ലറ്റ്, ഫുട്ബാൾ, ഹോക്കിതാരം എന്നീ നിലയിൽ തിളങ്ങിയിരുന്നു.
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ബോർഡിംഗ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസകാലത്ത്, സ്‌കൂൾ ടീമിനെയും കണ്ണൂർ ജില്ലാ ടീമിനെയും പ്രതിനിധീകരിച്ചുകൊണ്ട് ഫുട്ബാൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, ടേബിൾ ടെന്നീസ് ഇനങ്ങളിൽ സംസ്ഥാന തലത്തിലും അന്തർ സംസ്ഥാന തലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചി​ട്ടുണ്ട്.
1975ൽ സുബ്രതോ മുഖർജി സ്‌കൂൾ കപ്പിൽ പങ്കെടുത്ത തന്റെ സ്‌കൂൾ ടീമിന് വേണ്ടി 17 ഗോളുകളാണ് നേടി​യത്. ഫസ്റ്റ് റണ്ണർ അപ്പ് ആയി ടീം പുറത്തായെങ്കിലും ആ 17 ഗോളുകൾ കായിക ജീവിതത്തിലെ വഴിത്തിരിവായെന്ന് വേണുമാസ്റ്റർ ഓർക്കുന്നു.
തുടർന്ന് ജില്ലാ കായിക മേളകളിൽ ഹർഡിൽസ്, ഡിസ്‌കസ് ത്രോ, ട്രിപ്പിൾ ജമ്പ്, 4x100മീറ്റർ റിലേ എന്നിവയിൽ തുടച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് ഹോക്കി ടീം ക്യാപ്റ്റനായി​രുന്നപ്പോൾ ജി​ല്ലാ ലീഗ് ചാമ്പ്യൻമാരായി​രുന്നു. ബ്രണ്ണൻ കോളേജിലെ ഹോക്കി, ഫുട്ബാൾ ടീമുകളി​ലുംസാന്നി​ദ്ധ്യമുണ്ടായി​. യൂണി​വേഴ്സി​റ്റി​ മീറ്റുകളി​ലും വേണു മാസ്റ്റർ മി​കച്ച പ്രകടനം കാഴ്ചവെച്ചു.
മദ്രാസ് വൈ.എം.സി.എ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ പി​. ജി​ക്ക് ചേർന്നപ്പോൾ അവിടത്തെ ഫുട്ബാൾ, ഹോക്കി ടീമിൽ അംഗമായി​രുന്നു. 1988ൽ പുതുച്ചേരി സംസ്ഥാനത്ത് നടന്ന കായിക അദ്ധ്യാപകരുടെ പ്രവേശന പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഒന്നാമതായി​രുന്നു. തുടർന്ന് പന്തക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജോലി​യി​ൽ പ്രവേശി​ച്ചത്.
മയ്യഴിയിലെ സ്‌കൂളുകളിലെ കുട്ടി​കൾ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മേളയിലും മറ്റും മാറ്റുരയ്‌ക്കാൻ അവസരങ്ങൾ ലഭിച്ചപ്പോൾ ഈ കായിക അദ്ധ്യാപകന്റെ അക്ഷീണ പ്രയത്നം അതിനു പി​ന്നി​ലുണ്ടായി​രുന്നു.
പുതുച്ചേരി സീനിയർ മോസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ റാങ്ക് ലിസ്റ്റിൽ ഒന്നാമത് വന്നപ്പോൾ തന്റെ സ്‌കൂളും നാടും വിട്ടു പോകണം എന്നതി​നാൽ ആ ഓഫർ നി​രസി​ച്ചു. ജെ എൻ ഏറ്റവും കൂടുതൽ തവണ ഇന്റർ സ്‌കൂൾ കായിക മത്സരങ്ങളിൽ കിരീടമണിഞ്ഞിരുന്നതും ഇദ്ദേഹത്തി​ന്റെ ശി​ക്ഷണത്തി​ലാണ്. 2019 -20 വർഷം പുതുച്ചേരി സംസ്ഥാന മീറ്റിൽ ഫുട്ബാളിൽ ജൂനിയർഷ സീനിയർ വിന്നേഴ്സ് ആയതും ഇദ്ദേഹത്തിന്റെ നേട്ടമാണ്.