കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ കാലത്ത് മനസിലെ ഭാവനകൾക്ക് നിറചാർത്ത് നൽകുകയാണ് മടിക്കൈ കാഞ്ഞിരപ്പൊയിൽ ഹൈസ്‌കൂൾ അദ്ധ്യാപകനായ കെ.വി.രാജേഷ് . കാലിയായ തന്റെ വിട്ടുമുറ്റത്തെ ശില്പങ്ങൾ കൊണ്ട് നിറച്ച് ഒരു പാർക്ക് തീർക്കുകയെന്ന ചിന്തയിൽ നിന്നാണ് ഇന്ന് കാണുന്ന തരത്തിൽ മനോഹരമായൊരു ശിൽപ്പോദ്യാനത്തിന്റെ പണിപ്പുരയിലേക്ക് മാഷും കുടുംബവും ഇറങ്ങിയത്. വീട്ടിലുണ്ടായിരുന്ന സിമന്റ് ,കല്ല് ,കമ്പി ,തെർമോക്കോൾ തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് ഇദ്ദേഹം മനോഹരമായ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്.
ഇരിപ്പിടങ്ങൾ, മരങ്ങൾ കൊണ്ടുള്ള ശിൽപം ,മേശ, കലാമിന്റെ ശിൽപ്പം എന്നിവയ്ക്ക് പുറമെ ചെണ്ട ,തിമില ,പുസ്തകം ,പേന ,ചുരുട്ടിയ മുഷ്ടി എന്നീ രൂപങ്ങൾ സമന്വയിക്കുന്ന സാംസ്‌ക്കാരിക ശിൽപവും ഇതിൽ ഉണ്ട്.. സംസ്ഥാന റിസോഴ്സ് പേഴ്സണും സംഘടനാ പ്രവർത്തകനും മികച്ച ചെണ്ട വാദ്യകലാകാരനുമാണ് ഇദ്ദേഹം. ഒഴിവു സമയങ്ങളിലൊക്കെ ക്ഷേത്രങ്ങളിലും മറ്റും വാദ്യകലാകാരനായും പോകാറുണ്ട്. കഥാകാരനും വലിയൊരു പുസ്തക ശേഖരത്തിന് ഉടമ കൂടിയാണ്. വീടിന് ചുറ്റും പച്ചക്കറി കൃഷി നടത്തി വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങൾ ഒരു പരിധി വരെ വിളയിച്ചെടുക്കുന്നു ഇദ്ദേഹം.
കേരള സ്‌ക്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ,കേരള ക്ഷേത്ര വാദ്യകലാ അക്കാഡമി സംസ്ഥാന അസി.സെക്രട്ടറി ,വാദ്യ കേരളം സാംസ്‌കാരിക മാസികയുടെ എഡിറ്റർ ഹൊസ്ദുർഗ്ഗ് പബ്ബിക്ക് സർവ്വന്റ്സ് സഹകരണ സംഘം ഡയരക്ടർ ബോർഡ് അംഗം എന്നീ ചുമതലകളും വഹിക്കുന്നു. ഭാര്യ റീജ മക്കളായ ദേവികരാജ് ,ദേവരാജ് എന്നിവരും രാജേഷിന്റെ എല്ലാ പ്രവർത്തികളിലും സഹായിയിച്ചും, പിന്തുണച്ചും കൂടെത്തന്നെയുണ്ട്.