കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ സുമാ ബാലകൃഷ്ണന് എതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി. കൗൺസിലർമാരായ തൈക്കണ്ടി മുരളീധരനും എൻ. ബാലകൃഷ്ണനുമാണ് ജില്ലാ കളക്ടർ ടി.വി .സുഭാഷിന് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്.മേയറുടെ ചട്ടവിരുദ്ധമായതും നിയമവിരുദ്ധമായതുമായ നിലപാടിനെതിരെയാണ് എൽ.ഡി.എഫ് കൗൺസിലർമാർ ഒപ്പിട്ട നോട്ടിസ് നൽകിയതെന്ന് എൻ. ബാലകൃഷ്ണൻ പറഞ്ഞു.
എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നോട്ടീസ് എന്ന് പരിഗണിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. മാർച്ച് 20ന് ഡെപ്യൂട്ടി മേയറായ പി.കെ രാഗേഷിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനു പിന്നാലെയാണു മേയർക്കെതിരെയും പ്രതിപക്ഷം അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.
ലീഗ് കൗൺസിലറായിരുന്ന കെ.പി.എ സലീം എൽ.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ഡെപ്യൂട്ടി മേയറായിരുന്ന പി.കെ രാഗേഷിന് ഡെപ്യൂട്ടി മേയർ സ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് മേയർക്കെതിരെയും അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കം.. ലീഗ് കൗൺസിലറായ സി. സീനത്ത് നഗരകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം രാജിവച്ച ഒഴിവുമുണ്ട്. ഡെപ്യൂട്ടി മേയർ, നഗരകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നീ ഒഴിവുകളിലേക്കു വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.
സലീമിന്റെ പിന്തുണയോടെ മേയർക്കെതിരെയുള്ള അവിശ്വാസം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.കഴിഞ്ഞ വർഷം ആഗസ്റ്റ് 17 ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ വോട്ടെടുപ്പിലൂടെയാണ് എൽ.ഡി.എഫിലെ മുൻ മേയർ ഇ.പി ലതയ്‌ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായത്. സെപ്റ്റംബർ നാലിനു തിരഞ്ഞെടുപ്പിലൂടെ സുമാ ബാലകൃഷ്ണൻ മേയറായി.
ആദ്യ ആറു മാസം കോൺഗ്രസിനും പിന്നീടുള്ള ആറു മാസം മുസ്ലിം ലീഗിനും മേയർ സ്ഥാനം നൽകുമെന്ന ധാരണയായിരുന്നു യു.ഡി.എഫിൽ . ഈ കാലാവധി കഴിഞ്ഞതിനാൽ മുസ്ലിംലീഗിലെ സി.സീനത്തിനായി സുമാ ബാലകൃഷ്ണൻ മേയർ സ്ഥാനം രാജിവയ്ക്കാനിരിക്കെയായിരുന്നു ഡെപ്യൂട്ടി മേയർക്കെതിരെയുള്ള അവിശ്വാസം വിജയിച്ചത്.