cow

പിലിക്കോട് (കാസർകോട്): കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാമിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാഥനില്ലാതായി. ലോക്ക് ഡൗൺ മൂലം പൂട്ടിയിട്ട ഗവേഷണ കേന്ദ്രത്തിലെ അക്കാദമിക് വിഭാഗം മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാമിൽ മുന്തിയ ഇനം കറവ പശുക്കൾ അടക്കം 20 ഓളം കന്നുകാലികളാണുള്ളത്. ഫാമിന്റെ മേൽനോട്ടത്തിനായി ഒരു വെറ്ററിനറി ഡോക്ടറെയും ഒരു സൂപ്പർ വൈസറെയും ചുമതല ഏൽപ്പിച്ചിരുന്നു. വളർത്തുമൃഗങ്ങളെ പരിപാലിക്കാനും കറവക്കാരുടെ ജോലി ചെയ്യുന്ന ഏതാനും തൊഴിലാളികളുമാണ് ഫാമിലുള്ളത്. ഗവേഷണ കേന്ദ്രത്തിലെ മറ്റു ജോലികൾ ചെയ്യുന്ന തൊഴിലാളികളെ തന്നെയാണ് പശുക്കളുടെ പാല് കറന്നെടുക്കാനും നിയോഗിച്ചത്.

രണ്ട് തൊഴിലാളികൾ വീതം വന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും പാൽ കറന്നെടുത്ത് വിതരണം ചെയ്യുന്നത് ഒഴിച്ചാൽ മറ്റ് യാതൊരു കാര്യവും ഫാമിൽ നടക്കുന്നില്ല. പശുക്കൾക്ക് പുല്ലും വെള്ളവും ഇവർ നൽകും. അതേസമയം കന്നുകാലികൾക്ക് കൊടുക്കാൻ കാലിത്തീറ്റ പൂർണ്ണമായും ഇല്ലാതായതോടെ ഫാമിലെ വളർത്തുമൃഗങ്ങളുടെ കാര്യം കഷ്ടത്തിലാണ്. കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാമിന്റെ ചുമതല നിർവ്വഹിക്കേണ്ടുന്ന വെറ്ററിനറി ഡോക്ടറും സൂപ്പർവൈസറും എത്തുന്നില്ലെന്നും പരാതിയുണ്ട്. ഫാമിന്റെ ചുമതലയുള്ള സൂപ്പർ വൈസർ തിരിച്ചറിയൽ കാർഡ് വാങ്ങാൻ പോലും കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തിയില്ലെന്നാണ് പറയുന്നത്.

ഡോക്ടറും സൂപ്പർ വൈസറും ഇല്ലാത്തതിനാൽ കാലിത്തീറ്റയ്ക്ക് ഇൻഡന്റ് കൊടുക്കാൻ കഴിയാത്തതിനാൽ മിൽമ, കാലിത്തീറ്റ ഇറക്കിയിരുന്നില്ല. 20 ചാക്ക് കാലിത്തീറ്റ മാത്രമാണ് ഫാമിൽ സ്റ്റോക്കുള്ളത്. ഏതാനും ദിവസങ്ങൾ കൊണ്ട് കാലിത്തീറ്റ തീർന്നാൽ കറവ പശുക്കളെ പട്ടിണിക്ക് ഇടേണ്ടിവരും. കാലിത്തീറ്റ ഇല്ലെന്ന് മേലധികാരികളെ അറിയിച്ചപ്പോൾ ലോക്ക് ഡൗൺ തീരുന്നത് വരെ പശുക്കൾക്ക് പകുതി തീറ്റ കൊടുത്താൽ മതിയെന്ന വിചിത്രമായ നിർദ്ദേശമാണ് തൊഴിലാളികൾക്ക് ലഭിച്ചത്. തീറ്റ കുറച്ചു നൽകിയാൽ പാൽ കുറയുമെന്നും കറന്നെടുക്കാൻ അധികം അദ്ധ്വാനിക്കേണ്ടിവരില്ലെന്നും മേലധികാരികൾ പറഞ്ഞുവെന്നാണ് പറയുന്നത്. അങ്ങിനെയെങ്കിൽ ലോക്ക് ഡൗൺ തീരുമ്പോഴേക്കും കറവ പശുക്കളുടെ അവസ്ഥ ദയനീയമായേക്കും.