ആലക്കോട്: കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ജീവനൊടുക്കി. കാർത്തികപുരത്തിനടുത്തുള്ള പാറോത്തുംമലയിലെ മാങ്ങാട്ട് ബിനേഷി (40) നെയാണ് പാറോത്തുംമല വോളിബാൾ കോർട്ടിനു സമീപം റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
പത്തുദിവസം മുമ്പ് ബിനേഷ് ജോലി അന്വേഷിച്ച് കാസർകോട്ട് പോയിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ബന്ധുക്കൾക്കൊപ്പം വീട്ടിൽ തിരിച്ചെത്തുകയും നിരീക്ഷണത്തിൽ കഴിഞ്ഞുവരികയുമായിരുന്നു. വീട്ടിൽനിന്നു മാറി ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. തനിക്ക് രോഗം പിടിപെട്ടാൽ മറ്റുള്ളവർക്കും പകരുമോയെന്നുള്ള ഭീതിയിലാണ് ഇയാൾ കഴിഞ്ഞുവന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ആലക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ഭാര്യ: സിന്ധു. മക്കൾ; നിരഞ്ജന, നിരഞ്ജൻ.