കാസർകോട്: രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായത് ആരോഗ്യവകുപ്പിനെ നടുക്കുന്നു. സാമൂഹ്യ വ്യാപനത്തിനുള്ള സാദ്ധ്യതയാണ് ആരോഗ്യവകുപ്പിനെ ഞെട്ടിക്കുന്നത്. കാസർകോട് ജില്ലയിൽ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച ഏഴു പേർക്കാണ് രോഗത്തിന്റെ യാതൊരു ലക്ഷണവും ഇല്ലാതിരുന്നത്. ദുബായിൽ നിന്ന് നാട്ടിലെത്തിയ ഏഴു പേർക്കാണ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും കൊവിഡ് സ്ഥിരീകരിച്ചത്.

പനി ചുമ തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇവരുടെ സാമ്പിൾ പരിശോധന ആദ്യം നടത്തിയിരുന്നില്ല. പിന്നീട് രോഗികളുടെ തന്നെ ആവശ്യപ്രകാരമാണ് രക്തവും സ്രവവും ലാബിലേക്ക് പരിശോധനക്ക് അയച്ചത്. ലാബിലെ ഈ ടെസ്റ്റിൽ നിന്നാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ദുബായിലെ നെയ്ഫിൽ നിന്ന് നാട്ടിലെത്തിയവരാണ് ഏഴുപേരും. നെയ്‌ഫ് മേഖലയിൽ നിന്ന് നാട്ടിലെത്തുന്നവരെ രോഗ ലക്ഷണം ഇല്ലെങ്കിൽ കൂടി ഇപ്പോൾ ശ്രമം പരിശോധനക്ക് അയക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഗൾഫിൽ നിന്ന് എത്തുന്ന മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന നിലവിൽ പ്രായോഗികമല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അതിനുമാത്രമുള്ള സംവിധാനം ഇവിടെയില്ല. . അതേസമയം റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാൽ എല്ലാവരുടെയും പരിശോധന നടത്തും. അതിന് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും റാപിഡ് ടെസ്റ്റ് തുടങ്ങണം. ഈ ടെസ്റ്റിൽ ഫലം പോസിറ്റീവ് ആയാലും നിലവിലുള്ള ഇ സി ആർ ടെസ്റ്റ് കൂടി ചെയ്തു ഉറപ്പുവരുത്തേണ്ട വരും.

ലക്ഷണം കാണാത്തതിന് പിന്നിൽ ഉയർന്ന പ്രതിരോധശേഷി

ആളുകളിൽ പ്രതിരോധശേഷി കൂടുതലുള്ളതുകൊണ്ട് ആകാം കൊവിഡ് രോഗം ഉണ്ടായിട്ടും രോഗലക്ഷണങ്ങൾ കാണാതിരുന്നത് എന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നത് വലിയ സങ്കീർണതയാണ്. രോഗം പിടിപെട്ട് ആളുകളെ തിരിച്ചറിയാൻ പ്രയാസം നേരിടുന്നത് കാരണം സമ്പർക്കത്തിലുള്ള രോഗബാധ കൂടുമെന്നാണ് അധികൃതർ ഭയക്കുന്നത്.