കണ്ണൂർ: മുസ്ലിംലീഗ് കൗൺസിലറുടെ പിന്തുണയോടെ കണ്ണൂർ കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം വിജയിപ്പിച്ചെടുത്ത എൽ.ഡി.എഫ് മേയർ കോൺഗ്രസിലെ സുമ ബാലകൃഷ്ണനെതിരെയും അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. എൽ.ഡി.എഫ് കൗൺസിലർമാരായ എൻ. ബാലകൃഷ്ണൻ, തൈക്കണ്ടി മുരളീധരൻ എന്നിവർ ചേർന്നാണ് ഇന്നലെ ജില്ലാ കളക്ടർക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയത്. 27 പ്രതിപക്ഷ കൗൺസിലർമാരുടെ ഒപ്പിട്ട് കൈമാറിയ പ്രമേയ നോട്ടീസിൽ ലോക്ക് ഡൗൺ കഴിയുന്നതോടെ ചർച്ചയും വോട്ടെടുപ്പും നടക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം പ്രമേയത്തെ എങ്ങനെ മറികടക്കുമെന്നത് സംബന്ധിച്ച ആലോചന യു.ഡി.എഫിൽ ആരംഭിച്ചുകഴിഞ്ഞു. ഡെപ്യൂട്ടി മേയറായിരുന്ന പി.കെ രാഗേഷിനെതിരെ നേരത്തെ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച ലീഗ് കൗൺസിലർ കെ.പി.എ സലിമിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കാത്ത സാഹചര്യത്തിൽ യു.ഡി.എഫിൽ കടുത്ത ആശങ്കയാണുള്ളത്. ഇന്ന് ഇതുസംബന്ധിച്ച് കോൺഗ്രസ്- മുസ്ലിംലീഗ് നേതൃത്വങ്ങൾ തമ്മിലുള്ള ചർച്ച ആരംഭിക്കും.
ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായെന്ന് അറിഞ്ഞ അന്നുതന്നെ മേയർ രാജിവച്ചൊഴിയേണ്ടതായിരുന്നുവെന്നാണ് എൽ.ഡി.എഫ് പറയുന്നത്. എന്നിട്ടും തികച്ചും വിവേചനവും അവഗണനയുമായാണ് മേയറിൽ നിന്നുണ്ടാകുന്നത്. തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള നടപടിയുമായി കോർപ്പറേഷൻ മുന്നോട്ട് പോകുമ്പോൾ പ്രതിപക്ഷ കൗൺസിലർമാരുടെ ഡിവിഷനുകളിൽ പണം അനുവദിക്കാത്ത സ്ഥിതിയാണുള്ളതെന്ന് കൗൺസിലർ തൈക്കണ്ടി മുരളീധരൻ ആരോപിച്ചു. സമൂഹ അടുക്കളയുടെ കാര്യത്തിൽ പോലും രാഷ്ട്രീയ കളിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊവിഡ് 19 വ്യാപനത്തിൽ നാട് ആശങ്കയിൽ കഴിയവെ രാഷ്ട്രീയം പറയരുതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ പറയുമ്പോൾ എൽ.ഡി.എഫ് രാഷ്ട്രീയം പറയാൻ പ്രേരിപ്പിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി ആരോപിച്ചു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ പാർട്ടി നിലപാടിന് വിരുദ്ധമായി നിന്ന കൗൺസിലറെ ലീഗ് സസ്പെൻഡ് ചെയ്തതാണ്. എങ്കിലും അദ്ദേഹം പാർട്ടിയോട് വിധേയനായാണ് പ്രവർത്തിക്കേണ്ടത്. അദ്ദേഹം ഉന്നയിച്ച പ്രാദേശിക വിഷയങ്ങളിൽ അന്വേഷണത്തിന് കമ്മിഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് അല്പം വൈകിയത്. റിപ്പോർട്ട് ലഭിച്ചാൽ ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അബ്ദുൾകരീം ചേലേരി പറഞ്ഞു. അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് ആത്മവിശ്വാസത്തോടെ നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി വ്യക്തമാക്കി.
ബൈറ്റ്
സുമ ബാലകൃഷ്ണൻ, മേയർ
നാടെരിയുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നത്. അതിജീവിക്കുമെന്ന ആത്മവിശ്വാസമുണ്ട്. നേതൃത്വം പറഞ്ഞാൽ രാജിവയ്ക്കാനും തയ്യാറാണ്.
കെ.പി.എ സലിം,
ലീഗ് വിമത കൗൺസിലർ
യു.ഡി.എഫിലെ ധാരണ പ്രകാരം ഇനി ലീഗ് കൗൺസിലറാണ് മേയറായി വരേണ്ടത്. അതിന് നിലവിലെ മേയർ മാറേണ്ടതുണ്ട്. അതിനനുസരിച്ച നിലപാടായിരിക്കും സ്വീകരിക്കുക.
അംഗസംഖ്യ
ആകെ 55
യു.ഡി.എഫ് 27 (ലീഗ് അംഗം കൂറുമാറിയാൽ 26)
എൽ.ഡി.എഫ് 27
കോൺഗ്രസ് വിമതൻ 1