കണ്ണൂർ: ലോക്ക് ഡൗണിൽ മദ്യം ലഭിക്കാതായപോലെ കഞ്ചാവിനും ലോക്ക് ഡൗൺ വീണുവെന്ന ധാരണയിലെത്തിയെങ്കിലും വല പൊട്ടിച്ച് വിതരണക്കാർ പുറത്ത് ചാടുമോയെന്ന സംശയത്തിലാണ് എക്സൈസ്.സാദ്ധ്യത തിരിച്ചറിഞ്ഞ് നിരീക്ഷണം ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ സുരേഷ് അറിയിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് കണ്ണൂരിലടക്കം എത്തുന്നത്.. കഞ്ചാവ് മാത്രമല്ല,​ ലഹരി ഗുളികകളും മറ്റ് ന്യൂജൻ മയക്കുമരുന്നുകളുമെല്ലാം ട്രെയിൻ വഴിയും ലക്ഷ്വറി ബസുകൾ വഴിയും സ്വകാര്യ വാഹനങ്ങളിലുമാണ് കടത്തിക്കൊണ്ടുവരുന്നത്. ലോക്ക് ഡൗണിൽ പൊതുഗതാഗത സംവിധാനമാകെ നിലച്ചതോടെ ഇപ്പോൾ കടത്ത് നടക്കുന്നില്ല. എന്നാൽ നേരത്തെ ശേഖരിച്ചുവച്ച കഞ്ചാവും ലഹരി വസ്തുക്കളും ഇപ്പോൾ മദ്യവുമില്ലാത്ത സ്ഥിതിയിൽ പുറത്തുവരാനുള്ള സാദ്ധ്യത എക്സൈസ് അന്വേഷിക്കുന്നുണ്ട്.

നഗരത്തിൽ നിരത്തുകൾ വിജനമാണ്. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് നിരത്തുകളിലിറങ്ങുന്ന വാഹനങ്ങളിൽ കഞ്ചാവ് കടത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. രാത്രികാലങ്ങളിലും നിരത്തുകൾ വിജനമാണെങ്കിലും യുവാക്കൾ നഗരത്തിൽ ബൈക്കുകളുമായി കറങ്ങിനടക്കുന്നതാണ് എക്സൈസിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.

കൊറിയറും നിരീക്ഷണത്തിൽ

ഗതാഗതം നിശ്ചലമായതോടെ കൊറിയർ സർവീസിൽ കഞ്ചാവ് അതിർത്തി കടന്നെത്താനുള്ള സാദ്ധ്യതയും എക്സൈസ് കാണുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായി കൊറിയർ സർവീസ് ഏജൻസികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. സംശയകരമായ പാർസലുകൾ കണ്ടെത്തിയാൽ എക്സൈസിന് വിവരം നല്കണമെന്നാണ് നിർദ്ദേശം.