മാഹി : ആൾക്കൂട്ടത്തെ ഒഴിവാക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും മാഹി കടലോരത്ത് ഇത് ബാധകമായിട്ടില്ല. മീൻ വാങ്ങാൻ വരുന്നവരെ കൊണ്ട് ഉത്സവ ചന്തയുടെ അവസ്ഥയാണ് ഇവിടെ തീരത്ത്.
റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ, പൊലീസ് സൂപ്രണ്ട് രാജശങ്കർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് മത്സ്യലേലം നടന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൂറുകണക്കിനാളുകളാണ് മയ്യഴിഹാർബർ പരിസരത്ത് തടിച്ചുകൂടുന്നത്. ന്യൂ മാഹി മത്സ്യ മാർക്കറ്റിൽ കേരള പൊലീസ് നിശ്ചിത അകലം പാലിച്ച് ആളുകളെ ക്യൂ നിർത്തുമ്പോൾ, തൊട്ടപ്പുറം മാഹി കടലോരത്ത് ജനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വെല്ലുവിളിക്കും വിധം തടിച്ച് കൂടുകയാണ്. കോസ്റ്റൽ പോലീസുകാരുടെ കൺവെട്ടത്താണ് ഈ ഒത്തുകൂടൽ.
പള്ളൂരിൽ വീട്ടിന്നടുത്ത കടയിൽ കുഞ്ഞിന് പാൽ വാങ്ങാൻ പോയ ആളേയും, വീട്ട് മുറ്റത്ത് ഷട്ടിൽ കളിച്ചു കൊണ്ടിരുന്ന കുടുംബാംഗങ്ങളേയും ,മരുന്ന് വാങ്ങാൻ പോയ യുവാവിനേയുമെല്ലാം പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ് പരസ്യമായ നിയമ ലംഘനത്തെ അധികാരികൾ തന്നെ നോക്കി നിൽക്കുന്നത്.
പടമുണ്ട്