തലശ്ശേരി: നാലര പതിറ്റാണ്ടുകാലം രാജ്യത്തെ സസ്യ ശാസ്ത്രലോകത്തിന് വഴികാട്ടിയും മാർഗ്ഗദീപവുമായിരുന്നു ഇന്നലെ വിട പറഞ്ഞ ശാസ്ത്രലോകത്തെ അതുല്യപ്രതിഭ ഡോ: ടി.വി.ശ്രീനിവാസൻ.പാണ്ഡിത്യം ,കുലീനത്വം, അർപ്പണബോധം, സ്‌നേഹം ഇവയുടെ മൂർത്തീഭാവമായിരുന്നു രാജ്യം സസ്യ ലോകത്തിന് സമർപ്പിച്ച ഈ ധന്യ ജീവിതം.
ക്യൂബ പോലുള്ള കരിമ്പ് കൃഷിയിൽ ലോകത്ത് മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളെ പോലും ഗവേഷണ രംഗത്ത് പിന്തള്ളി, ലോകത്ത് ഏറ്റവുമധികം അത്യുത്പാദന ശേഷിയുള്ള കരിമ്പിനങ്ങൾ വികസിപ്പിച്ചെടുത്ത അതുല്യപ്രതിഭയായിരുന്നു ഡോ: ശ്രീനിവാസൻ. കണ്ണൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് അദ്ദേഹം അതിന്റെ മേധാവിയായിരുന്നപ്പോഴാണ്.നിരന്തരമായ ഗവേഷണവും, നൂതനമായ കണ്ടുപിടുത്തവും രാജ്യത്തെ കരിമ്പ് കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാൻഇടയാക്കി.
സർവ്വീസിൽ നിന്ന് വിരമിച്ചതിന്റെ തൊട്ട് പിറ്റെ ദിവസം തന്നെ കേന്ദ്ര കൃഷിമന്ത്രിയായിരുന്ന ശരത് പവാറിന്റെ ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടത് അദ്ദേഹത്തിന്റെ പ്രതിഭക്കുള്ള അംഗീകാരം കൂടിയായിരുന്നു.രാജ്യത്തെ കരിമ്പ് കൃഷിയുടെ സിരാ കേന്ദ്രമായ മഹാരാഷ്ട്രയിൽ വൻ കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കിയെടുക്കാൻ ഡോ: ശ്രീനിവാസന് സാധിച്ചു.ഹിമാലയസാനുക്കളിലടക്കം അലഞ്ഞു നടന്ന ഈ മനുഷ്യൻ 'ചെടികളിൽ ജനിതക മാറ്റം വരുത്തി, നൂതനമായ വിത്തിനങ്ങൾ അനായാസേന കണ്ടു പിടിക്കാനുള്ള അനിതരസാധാരണമായ സിദ്ധിവൈഭവം പ്രകടിപ്പിച്ചു.പത്മശ്രീ ഡോ: ഇ.കെ. ജാനകിയമ്മാളിന്റെ മക്കളെ പോലെയായിരുന്നു ശിഷ്യരായ ഡോ: ശ്രീനിവാസനും സഹോദരൻ ഡോ.ടി..വി. വിശ്വനാഥനും.
കോയമ്പത്തൂർ, ബാംഗ്ളൂർ, ലഖ്‌നോ, ബാംഗ്ളൂർ തുടങ്ങിയ പ്രമുഖ കരിമ്പ് ഗവേഷണ കേന്ദ്രങ്ങളിലെല്ലാം സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഈ ശാസ്ത്രജ്ഞൻ ജീവിതം തന്നെ സസ്യ ലോകത്തിന് കാണിക്ക വെക്കുകയായിരുന്നു. കണ്ണൂർ ശ്രീ നാരായണ കോളജ് അദ്ധ്യാപകനായി ജീവിതമാരംഭിച്ച ശ്രീനിവാസൻ കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെത്തിയതോടെയാണ് ലോക പ്രശസ്ത ശാസ്ത്രജ്ഞ ഇ കെ. ജാനകിയമ്മാളുമായി പരിചയപ്പെടുന്നത്. ആ ബന്ധം പിന്നീട് സംയുക്ത ഗവേഷണങ്ങളുടെ ശക്തി ചൈതന്യമായി മാറി. ഒട്ടേറെ ദേശീയ പുരസ്‌ക്കാരങ്ങൾക്കർഹനായ ശ്രീനിവാസന്റെ ഓരോ പ്രബന്ധങ്ങളും വരും തലമുറയ്ക്കുള്ള അമൂല്യങ്ങളായ പാഠപുസ്തകങ്ങളാണ്. ശ്രീ നാരായണ ദർശനങ്ങളെ തലമുറകളായി നെഞ്ചോട് ചേർത്ത് വച്ച പ്രഗത്ഭമായ ഒരു തറവാട്ടിലെ ശക്തമായ ഒരു കണ്ണിയാണ് ഇതോടെഅറ്റുപോയത്.