lock-police

കാസർകോട്: കാസർകോട് ജില്ല അതിതീവ്ര പ്രദേശമായി പ്രഖ്യാപിച്ചതിന് പിന്നാലെ കാസർകോട് തളങ്കരയും നെല്ലിക്കുന്നും പൊലീസ് ഇരട്ട പൂട്ട് കൊണ്ട് പൂട്ടി. അഞ്ചു പ്രദേശങ്ങളിൽ കർശന നിലപാട് എടുക്കുകയാണ് പൊലീസ്. ഇവയ്ക്ക് പുറമെ ഏരിയാൽ, ചെങ്കള, ചെമ്മനാട് പ്രദേശങ്ങളാണ് പൊലീസ് പൂട്ടിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളും രോഗവാഹകരും ഉണ്ടായ പ്രദേശങ്ങൾ ആണ് പൊലീസ് പൂട്ടിയ ഈ സ്ഥലങ്ങൾ. തളങ്കരയിൽ നിന്നും നെല്ലിക്കുന്നിൽ നിന്നും ആരും പുറത്തേക്ക് പോകണ്ട. അങ്ങോട്ടും ആരും കടന്നുപോകരുത് എന്നുമാണ് പൊലീസ് നിലപാട്. ഇവിടങ്ങളിൽ എന്ത് ചെയ്യണമെന്ന് പൊലീസ് തീരുമാനിക്കും. ഭക്ഷണവും മരുന്നും പൊലീസ് എത്തിച്ചു കൊടുക്കുന്നു. ഓരോ വീടിന് സമീപവും ജംഗ്ഷനിലും പൊലീസ് കാവലുണ്ട്. ആവശ്യങ്ങൾ പൊലീസിനെ അറിയിച്ചാൽ മതി. പൊലീസിന്റെ പൂട്ടിന് ഒപ്പം ആരോഗ്യവകുപ്പും ഇവരെ പൂട്ടിയിരിക്കുന്നു. ആരോഗ്യവകുപ്പ് അവരെ കർശനമായി നിരീക്ഷിക്കുന്നു. കൊവിഡ് രോഗം പടർത്തുന്നവർ കൂടുതൽ ആയതിനാൽ സമ്പർക്കം തടയുകയാണ് ലക്ഷ്യം. വീടിന് വെളിയിൽ പോലും ആരും ഇറങ്ങരുതെന്നാണ് പൊലീസ് നൽകിയ നിർദേശം. നിരീക്ഷണത്തിൽ കഴിയുന്നവർ ആണ് ഈ അഞ്ചു സ്ഥലങ്ങളിലും കൂടുതൽ ഉള്ളത്. ഇവർ പുറത്തിറങ്ങിയാൽ സ്ഥിതി കൂടുതൽ വഷളാകും. നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങിയാൽ അടി ഉറപ്പാണ്. കേസും എടുക്കും. ഒരു വർഷമോ രണ്ട് വർഷമോ തടവ് ശിക്ഷ കിട്ടുന്ന കേസായിരിക്കും എടുക്കുക. അടിക്ക് അന്തകനും പേടിക്കും എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട് ഭാഗത്തുണ്ടായത്. പൊലീസിനെ ഭയന്ന് ബൈക്കുകളിൽ ചെത്തുന്ന ഫ്രീക്കന്മാരും ഇപ്പോൾ പുറത്ത് ഇറങ്ങാതായി. ബൈക്കും കാറും ആഡംബര വാഹനങ്ങളുമായി വെറുതെ ചെത്താൻ ഇറങ്ങുന്ന യുവാക്കൾ ആയിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ വലിയ തലവേദന. അടിയും കേസും വണ്ടിപിടുത്തവും ആയതോടെ ഇക്കൂട്ടർ ഉൾവലിഞ്ഞിട്ടുണ്ട്. അത് വലിയ ആശ്വാസവുമായി. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പൊലീസ് ഡബിൾ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെയാണ് നിയന്ത്രണം മുഴുവൻ പൊലീസിന്റെ കൈയിൽ ആയത്. ജില്ലയിലെ ആറു പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളിലാണ് ഡബിൾ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഈ പ്രദേശത്ത് ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇന്നലെ എട്ട് കേസുകൾ കൂടി പോസറ്റീവ് ആയതോടെ കാസർകോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം 128 ആയിട്ടുണ്ട്. കൂടുതൽ കോവിഡ് 19 സ്ഥിരീകരിച്ച പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധുർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളിലാണ് പൊലീസിന്റെ പ്രത്യേക നിരീക്ഷണം. പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ, പള്ളിക്കര ഉദുമ പഞ്ചായത്തിലെ പാലക്കുന്ന്, ഉദുമ, ചെമ്മനാട് പഞ്ചായത്തിലെ കളനാട്, മേൽപ്പറമ്പ്, കോളിയടുക്കം, ചട്ടഞ്ചാൽ, പൊയിനാച്ചി, മാങ്ങാട്, ചെങ്കള പഞ്ചായത്തിലെ ചെർക്കള ടൗൺ, എടനീർ, നായന്മാർമൂല, ബിസിറോഡ് ജംഗ്ഷൻ, ബേവിഞ്ച, മൊഗ്രാൽപൂത്തൂർ പഞ്ചായത്തിലെ എരിയാൽ, മൊഗ്രാൽ പുത്തൂർ, ഷിറിബാഗലു, മധുർ പഞ്ചായത്തിലെ മായിപ്പാടി, കമ്പാർ, ബദിരടുക്ക കാസർകോട് നഗരസഭയിലെ പുതിയസ്റ്റാന്റ്, പഴയസ്റ്റാന്റ്, ഉളിയത്തടുക്ക, തളങ്കര, നെല്ലിക്കുന്ന് ബീച്ച്, മാർക്കറ്റ് എന്നീ പ്രദേശങ്ങളിലാണ് പൊലീസിന്റെ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തിയത്. രോഗം ബാധിക്കുന്നവരിൽ ഏറെയും സമ്പർക്ക പട്ടികയിൽ ഉള്ളവരുടേത് ആയത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിൽ അയക്കുന്നുണ്ട്.