കണ്ണൂർ: കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ കനറ ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിൽചാടി. കൊവിഡ് ബാധിച്ചിരിക്കാമെന്ന സംശയത്തിൽ പ്രത്യേകമായി പ്രവേശിപ്പിച്ച ബ്ലോക്കിൽ നിന്നും യു.പി സ്വദേശിയായ അജയ് ബാബു(18)വാണ് ഇന്ന് രാവിലെയോടെ മുങ്ങിയത്. ആമിർപൂർ ജില്ലയിലെ സിത്തലോഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രഹ്ലാദിന്റെ മകനാണ് ജയിൽ ചാടിയ അജയ് ബാബു.
മാർച്ച് 25നാണ് കോടതി ഇയാളെ റിമാൻഡ് ചെയ്തത്. വേലിയുടെ ഗ്രില്ല് തകർത്ത കഷണം ഉപയോഗിച്ച് പൂട്ടുകൾ തകർത്തതെന്നാണ് സംശയിക്കുന്നത്. വെൻഡിലേഷൻ പൊളിച്ചാണ് കോറന്റൈനിലേക്ക് എത്തിയത്. ഇവിടെ നിന്നും കോറന്റൈന്റെ പൂട്ട് പൊളിച്ച് അതിന്റെ മതില് വഴിയാണ് ജയിൽ ചാട്ടം. പട്ടിക കഷണം ഉപയോഗിച്ചാണ് മതിലിൽ നിന്നും റോഡിലേക്ക് ഇറങ്ങിയത്. പൊലീസുമായി ബന്ധപ്പെട്ട് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം പരിമിതമായതിനാൽ പരിസരത്ത് തന്നെ ഒളിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.