കണ്ണൂർ: താളിക്കാവിൽ കെമിക്കൽ ഗോഡൗണിന് തീപിടിച്ച് വൻ നാശം. പൂതപ്പാറ പത്മാലയം പി. സുധാകറിന്റെ ഉടമസ്ഥതയിലുള്ള ഗിരീഷ്‌കുമാർ ഡൈ ആൻഡ് കെമിക്കൽസ് സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. തുണിക്ക് ചായം മുക്കുന്ന രാസവസ്തുക്കളും മറ്റുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. തീപിടിച്ചതിനെത്തുടർന്ന് പുകയും അസഹ്യമായ ഗന്ധവുമുണ്ടായി. അഗ്നിരക്ഷായൂണിറ്റ് ഏറെ ശ്രമപ്പെട്ടാണ് തീയണച്ചത്. വിഷവാതകം പടർന്നത് തീയണയ്ക്കുന്നത് ദുഃസ്സഹമാക്കി. ടോക്സിക് ഗ്യാസ് അപ്പാരന്റ് സെറ്റ് ധരിച്ചാണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചത്. കണ്ണൂർ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റിനുപുറമെ തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽനിന്നും ഓരോ യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.