തലശ്ശേരി: കമ്മ്യൂണിറ്റി കിച്ചൻ സംബന്ധിച്ച് സി.പി.എം നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസ് നേതാവ് സബ് കലക്ടർക്ക് പരാതി നൽകി. നഗരസഭ ചാലിൽ തിരുവാണി ക്ഷേത്ര ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ സി.പി.എമ്മിന്റെ കിച്ചൺ ആണ് എന്ന തരത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി നടത്തുന്ന കുപ്രചാരണത്തിൽ നടപടി ആവശ്യപ്പെട്ടാണ് ഡി. സി.സി. ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്ത് തലശ്ശേരി സബ് കളക്ടർക്ക് പരാതി നൽകിയത്. സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടികൾ പാർട്ടി പരിപാടിയാക്കുന്നത് പ്രതിഷേധാർഹമാണ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാധ്യമങ്ങളിൽ നൽകിയ വാർത്തയുടെ കോപ്പി സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.