കാസർകോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ പരമ്പരാഗത മത്സ്യ തൊഴിലാളികൾ കടലിൽ ഇറങ്ങുന്നത് വിലക്കിയതോടെ തീരദേശ കുടുംബങ്ങൾ വറുതിയിൽ. അവശ്യ സർവീസായി പരിഗണിച്ച് ഇതര ജില്ലകളിലെ മത്സ്യ മേഖലയ്ക്ക് അനുകൂല സമീപനം സ്വീകരിക്കുമ്പോഴാണ് കാസർകോട്ടെ തൊഴിലാളികൾ മാത്രം കുടുങ്ങിയത്.
ദാരിദ്ര്യം നിറഞ്ഞ ഈ മത്സ്യ ബന്ധന വർഷത്തിൽ കൊവിഡ് കൂടി വിരുന്നെത്തിയതോടെ പുക ഉയരാത്ത അടുപ്പുകളാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളി കൂരകളിലേയും ചിത്രം. ആശ്വാസ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴും ഈ വിഭാഗത്തെ പരിഗണിച്ചിട്ടേയില്ല. ആറു മാസത്തിലേറെയായി ദുരിതത്തിന് ശമനമില്ലാത്തതോടെ മേഖലയിൽ പ്രതിഷേധം കനക്കുകയാണ്.
മത്സ്യ ബന്ധനത്തെ അവശ്യ സർവീസായി കണക്കാക്കിയെങ്കിലും കാസർകോട്ടെ രോഗ വ്യാപനമാണ് മീൻ പിടിക്കാനും വിൽക്കാനും അനുമതി നിഷേധിക്കാൻ കാരണം. ഇതോടെ ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഇതര ജില്ലകളിൽ വിലക്ക് ഇല്ലാത്തതിനാൽ കാസർകോട് ജില്ലക്കാർക്ക് മീൻ കിട്ടുന്നതിന് പ്രയാസമുണ്ടാകില്ല. എന്നാൽ മീൻ പിടിക്കാൻ പോകുന്നവരുടെ ജീവിതമാണ് കഷ്ടമായത്.
മത്സ്യത്തൊഴിലാളികളോളം പട്ടിണിയിൽ കഴിയുന്ന ഒരു വിഭാഗത്തെ ചൂണ്ടിക്കാട്ടാൻ സർക്കാറിന് സാധിക്കുമോയെന്നും കോരന് കഞ്ഞി എന്നും കുമ്പിളിൽ തന്നെയെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തങ്ങളുടെ കൂരകൾ സന്ദർശിച്ച് വസ്തുത ബോദ്ധ്യപ്പെടാൻ തയ്യാറാകണമെന്നാണ് ഇവരുടെ വാദം.
മടക്കര, കാഞ്ഞങ്ങാട്, പള്ളിക്കര, കാസർകോട് എന്നിവയാണ് കാസർകോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ. സർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം ഇവിടങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കാൻ പോകാനാവില്ല. ജില്ലയിലെ മത്സ്യ വില്പന കേന്ദ്രങ്ങൾ എല്ലാം പ്രവർത്തിക്കുന്നതും തൊഴിലാളികൾ ആശ്രയിക്കുന്നതും ഈ കേന്ദ്രങ്ങളെ ആയിരുന്നു. എന്നാൽ കുറേക്കാലമായി ഈ ഭാഗത്തെ കടലിൽ മീൻ ലഭ്യത കുറഞ്ഞതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യമാണ് തൊഴിലാളികൾ വിൽക്കുന്നത്. കോഴിക്കോട്, കൊയിലാണ്ടി, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കണ്ണൂർ കാസർകോട് ജില്ലകളിൽ മത്സ്യം വരുന്നത്. മത്സ്യ വാഹനങ്ങൾ അധികൃതർ കടത്തിവിടുന്നതിനാൽ കോഴിക്കോട് കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നും തുടർന്നും മത്സ്യം വിൽപ്പന കേന്ദ്രങ്ങളിൽ എത്തുമെന്നാണ് കരുതുന്നത്.
കാസർകോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളായ പതിനായിരങ്ങളുടെ ദുരിതം കണക്കിലെടുത്ത് കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തി ഓരോ കുടുംബത്തിനും 10,000 രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കാൻ സർക്കാരും ഫിഷറീസ് വകുപ്പും തയ്യാറാകണം. മീൻ പിടിച്ച് ജീവിക്കുന്ന തൊഴിലാളികളുടെ പട്ടിണി മാറ്റാൻ വേറെ വഴികളൊന്നുമില്ലെന്നും തൃക്കരിപ്പൂരിലെ ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം വൈസ് പ്രസിഡന്റ് ടി. കുഞ്ഞിരാമൻ പറഞ്ഞു.