doctors

കാഞ്ഞങ്ങാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ കാസർകോടുകാരുടെ ചികിത്സ മുടങ്ങി ഏഴ് പേർ മരിച്ചതോടെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രികൾ ഇവിടെ തന്നെ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. സ്വദേശികളായ വ്യവസായികളടക്കം ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും ഇത് വിജയിക്കുമോ എന്ന സംശയമാണ് നാട്ടിൽ. വമ്പൻ സ്വാധീനമുള്ള മംഗളൂരു ലോബി ഇതിനെ പൊളിക്കും എന്ന ആശങ്ക പലർക്കുമുണ്ട്. അത്രയ്ക്ക് ശക്തമാണത്രേ ആ ലോബി.

മംഗളൂരൂവിന്റെ സമീപകാല ചിത്രം ഇങ്ങനെയാണ്: രാജ്യത്തെ മെട്രോ സിറ്റികളുടെ പട്ടികയിൽ ഡൽഹി, കൽക്കത്ത, മുംബയ്, ഹൈദരാബാദ്, ചെന്നൈ എന്നിവയൊക്കെയാണെങ്കിലും ഇന്ത്യയിലെ ഏറ്രവും വലീയ മെഡിക്കൽ ഹബ്ബാണ് മംഗളൂരു. മൂവായിരം ഡോക്ടർമാരുടെ ശേഖരമാണ് ഇവിടത്തെ ചികിത്സാ രംഗത്തിന്റെ നട്ടെല്ല്. ഇതിൽ അറുന്നൂറ് പേരെങ്കിലും സൂപ്പർ സ്പെഷ്യലിസ്റ്റുകളാണ്. പ്രൊഫഷണൽ വിദ്യാഭ്യാസ രംഗവും എല്ലാവിധ സൗകര്യങ്ങളുമുള്ള നഗരത്തിൽ മെഡിക്കൽ കോളേജുകൾ മാത്രം പത്തെണ്ണമുണ്ട്.

ഏഴ് അലോപ്പതി മെഡിക്കൽ കോളേജ്, രണ്ട് ആയുർവേദ മെഡിക്കൽ കോളേജ്, ഒരു ഹോമിയോ മെഡിക്കൽ കോളേജ് എന്നിവ മംഗലാപുരം നഗരത്തിൽ മാത്രമുണ്ട്. ഒരുപക്ഷേ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ള നഗരം കൂടിയാണിത്. അത്യാധുനിക സൗകര്യമുള്ള മറ്റ് ആശുപത്രികളുമുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് അടക്കം പങ്കാളിത്തമുള്ള ഇവരുടെ കോർപ്പറേറ്റ് കളികളും ചില്ലറയല്ല. പരിക്കേറ്റ് രോഗിയുമായി എത്തുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് കമ്മിഷൻ നൽകിയാണ് രോഗികളെ വലവീശിപിടിക്കുക. വെൻലോക്ക് ആശുപത്രിയാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം. മെഡിക്കൽ കോളേജുകളെല്ലാം സ്വകാര്യ മേഖലയിലാണ്.

ജീവകാരുണ്യമെന്ന രീതിയിൽ പാവങ്ങൾക്ക് സേവനം നൽകുന്ന ആശുപത്രികളുമുണ്ട് മംഗളൂരുവിൽ. കേരളത്തിൽ കണ്ണൂരിൽ നിന്നും ഒരു പാസഞ്ചർ ട്രെയിൻ കയറിപ്പോയാൽ ചികിത്സ കഴിഞ്ഞ് വൈകിട്ടോടെ തിരിച്ചെത്താം. തൊക്കോട്ട് ദേർലക്കട്ടയിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളേജുകളിൽ ഐ.സി.യുവിന് പോലും ചുരുങ്ങിയ നിരക്കേ ഉള്ളൂ. അതിർത്തിയോട് അടുത്ത പ്രദേശമായതിനാൽ മൊബൈൽ സിഗ്നൽ പോലും കേരളത്തിലേതാണ്.

ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉടുപ്പി, ചിക്ക മംഗളൂർ,​ ഹാസൻ,​ കുടക്,​ കാസർകോട് ജില്ലകളാണ് മംഗളൂരുവിനെ ആശ്രയിക്കുന്നത്. ഇതാണ് ആശുപത്രി ലോബിയുടെ ബെൽറ്റ്. കൊങ്കൺ റെയിൽവേ വഴി ഗുജറാത്ത് വരെ നീളുന്ന കോറിഡോർ ഇവരുടെ മേധാവിത്വത്തിന് സഹായകമാകുന്നു. റെയിൽ,​ റോഡ്,​ വിമാന മാർഗ്ഗവും മംഗളൂരുവിനുണ്ട്. അടുത്ത കാലത്തായി മലയാളികൾ വ്യാപകമായി വിദ്യാഭ്യാസ ആവശ്യത്തിനായി കുടിയേറുന്നത് പതിവാണ്. കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗത്തെ വ്യാപാരികളിൽ പലരും ഫ്ലാറ്രെടുത്ത് ഇവിടെ തങ്ങുന്നു.

കള്ളപ്പണത്തിന്റെയും ഹവാല ഇടപാടിന്റെയുംകൂടി കേന്ദ്രമായ മംഗളൂരുവിന് മിനി മുംബയ് എന്നൊരു വിളിപ്പേര് കൂടിയുണ്ട്. കർണാടകയിലെ രണ്ടാമത്തെ നഗരം കൂടിയാണിത്. കാസർകോടൻ അതിർത്തി ഗ്രാമങ്ങളിലെ ക്രിമിനൽ കേസുകളിൽ പ്രതിസ്ഥാനത്ത് എത്തുന്നതും മംഗളൂരു കേന്ദ്രീകരിച്ച സംഘമാണ്. പലരും ഞൊടിയിടയിൽ ഇവിടേക്ക് അപ്രത്യക്ഷമാകും.

ഏഴ് ലക്ഷത്തിലേറെ ജനസംഖ്യയുള്ള മംഗളൂരുവിന്റെ തുറമുഖത്തിന് രാജ്യത്ത് ഒൻപതാം സ്ഥാനമുണ്ട്. കാപ്പി,​കശുഅണ്ടി വാണിജ്യത്തിൽ രാജ്യത്തിന്റെ 75 ശതമാനവും ഇവിടെ നിന്നാണ് പോകുന്നത്. മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താനും ഹൈദർഅലിയുമായി ബ്രിട്ടീഷുകാർ കൊമ്പുകോർക്കാൻ കാരണമായതും ഈ നഗരത്തെ ചൊല്ലിയാണ്. പതിയെ ഇത് ബ്രീട്ടീഷുകാർ പിടിച്ചെടുത്തു. ഉള്ളാൾ മുതൽ സൂരത്ത്കൽ വരെ നീളുന്ന 30 കിലോ മീറ്റർ ദൂരമാണ് മംഗളൂരു.

സമീപ കാലത്തെ വിവാദങ്ങൾ കാസർകോട്ട് ആരോഗ്യ രംഗത്തെ ഉയർച്ചയ്ക്ക് പ്രേരണയാകുമെന്ന് ഡോ. വി.പി.പി മുസ്തഫ പറയുന്നു. ഏറ്റവും അടുത്ത് ഇത്രയേറെ സംവിധാനങ്ങൾ ഉള്ളതിനാൽ ഇവിടെ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ വേണമെന്ന് ചിന്തിക്കാതിരുന്നത് നാടിന്റെ വീഴ്ചയായിരുന്നില്ല. ഏറ്റവും ജനസംഖ്യയുള്ള മലപ്പുറത്ത് പോലും ചികിത്സയ്ക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയില്ല. ഇവർ കോഴിക്കോടിനെയോ തൃശൂരിനെയോ എറണാകുളത്തെയോ ആണ് ആശ്രയിക്കുന്നത്. കണ്ണൂരിൽപോലും പത്ത് വർഷത്തിനിടെയാണ് വൻകിട ആശുപത്രി വന്നത്.

അതേസമയം, മുടക്ക് മുതൽ തിരിച്ച് കിട്ടാൻ മംഗളൂരുവാണ് നല്ലതെന്ന ന്യായമാണ് മംഗളൂരുവിൽ പണം നിക്ഷേപിക്കാൻ മലയാളികളെ പോലും പ്രേരിപ്പിച്ചത്. എന്നാൽ, ഇപ്പോഴത്തെ വിവാദങ്ങൾ കാസർകോടിന്റെ പരിമിതി ബോദ്ധ്യമാക്കാനും പരിഹാരമാകാനും സഹായകമാകും. ജില്ലയിൽ ഇപ്പോൾ ഗതാഗത സൗകര്യങ്ങളൊക്കെ മെച്ചപ്പെട്ടു. പെരിയ എയർ സ്ട്രിപ്പ്, കോവളം- ​​ബേക്കൽ ജലപാത, അതിവേഗ റെയിൽ കോറിഡോർ എന്നിവ വരുന്നതോടെ നിക്ഷേപ സാദ്ധ്യത കൂടുമെന്നാണ് വിലയിരുത്തൽ.

അതേസമയം മക്കളുടെ വിദ്യാഭ്യാസം പോലുള്ള സൗകര്യങ്ങളൊക്കെ പരിഗണിച്ച് ഡോക്ടർമാർ മംഗളൂരുവിൽ കേന്ദ്രീകരിക്കുന്നത് വെല്ലുവിളിയാകുമെന്ന് കുടുംബശ്രീ മുൻ ജില്ലാ എ.ഡി.എം.സി

പി.ടി മുഹമ്മദ് നിസാർ പറയുന്നു. 1956 വരെ ദക്ഷിണ കനറ ജില്ലയായിരുന്നു കാസർകോട്. ഇപ്പോഴും ഉപ്പളയ്ക്ക് വടക്കോട്ടുള്ളവരെല്ലാം പോകുന്നത് മംഗളൂരു ഭാഗത്തേക്കാണ്. മെഡിക്കൽ കോളേജുകളിൽ തൊണ്ണൂറ് ശതമാനം വിദ്യാർത്ഥികളും മലയാളികളാണ്. ജീവനക്കാരും മലയാളികളാണ്. ഇത്രയേറെ ബന്ധപ്പെട്ട് കിടക്കുമ്പോഴാണ് കൊവിഡ‌ിന്റെ പേരിൽ കാസർകോട്ടുകാർക്ക് കർണാടക അത്യാവശ്യ ചികിത്സ നിഷേധിക്കുന്നത്.