lock-down-

കണ്ണൂർ: ലോകമെങ്ങും വ്യാപിച്ച കൊവിഡ് പ്രതിരോധത്തിൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബഹുദൂരം പിന്നിലെന്ന് റിപ്പോർട്ട്. രോഗ പ്രതിരോധത്തിൽ ഭരണകൂടം സ്വീകരിക്കുന്ന നടപടികളിൽ ഉദ്യോഗസ്ഥർ പോലും നിരാശയിലാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഒഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ് നടത്തിയ സർവേയിൽ പ്രശ്നത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

നാന്നൂറ് യുവ കളക്ടർമാരടക്കം എഴുന്നൂറോളം സിവിൽ സർവീസുകാരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിൽ പലരും സർക്കാരിന്റെ പാളിച്ചയും കെടുകാര്യസ്ഥതയെയും തുറന്ന് സമ്മതിക്കാൻ തയ്യാറായെന്നുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തെ ആശുപത്രികൾ പ്രാപ്തരല്ലെന്ന അഭിപ്രായക്കാരാണ് അറുപത് ശതമാനത്തിലേറെ സിവിൽ സർവീസുകാർ. ആരോഗ്യ പ്രവർത്തകർക്ക് വേണ്ട ജീവൻ രക്ഷാ ഉപകരണങ്ങൾ കൃത്യമായി ലഭിക്കാത്തതിലെ നീരസവും ഇവർ പ്രകടിപ്പിക്കുന്നുണ്ട്. ഐസൊലേറ്റഡ് കിടക്കകൾ പോലും ആവശ്യത്തിന് ഇല്ലെന്ന കാര്യവും സർക്കാരിന് നാണക്കേട് സൃഷ്ടിച്ച് പുറത്ത് വരുന്നുണ്ട്. വെന്റിലേറ്ററുകളും പരിമിതമായതോടെ മരണ സംഖ്യ ഇനിയും ഉയരുമെന്ന്
അവർക്ക് ഭയമുണ്ട്.

കേന്ദ്ര സർക്കാർ പരാജയമാണെന്ന് 18 ശതമാനം ഉദ്യോഗസ്ഥർ പറയാതെ പറയുമ്പോൾ സംസ്ഥാന സർക്കാരുകൾ ഇതിലേറെ ഭേദമാണെന്ന കാര്യം സർവേ ഫലമായി പുറത്ത് വരുന്നു. കടുത്ത പ്രതിസന്ധിയിലും കേരള മോഡൽ ആരോഗ്യ രംഗം പിടിച്ച് നിൽക്കുന്നതായാണ് ഉത്തരേന്ത്യയിലെ കണക്കുകളും വ്യക്തമാക്കുന്നത്. ഭക്ഷണ പ്രതിസന്ധിയും തൊഴിലില്ലായ്മയും പലയിടത്തെയും അവസ്ഥ സങ്കീർണ്ണമാക്കാൻ പോകുന്നതായാണ് സൂചന.

നീതി ആയോഗിന്റെ റിപ്പോർട്ടിൽ ആരോഗ്യ രംഗത്ത് കേരളം 74.01 പോയിന്റോടെ ഒന്നാമത് നിൽക്കുമ്പോൾ ഉത്തർപ്രദേശ് 28.61 പോയിന്റോടെ അതിദൂരം പിന്നിലാണ്. കൊവിഡ് ഭീതി കാലത്തും ഇതേ അവസ്ഥയാണ് യു.പിയിൽ. അസംഘടിത മേഖലയിലെ കുടിയേറ്റത്തൊഴിലാളികൾ പട്ടിണിയിലാണ്. യോഗി ആദിത്യനാഥ് സർക്കാർ 20.37 ലക്ഷം രജിസ്‌റ്റേഡ് നിർമ്മാണ തൊഴിലാളികൾക്ക് 1000 രൂപ നൽകാൻ ഉത്തരവിട്ടെങ്കിലും ഇവർക്ക് ലഭിക്കുന്നില്ല. മിക്ക നഗരങ്ങളിലെയും നിർമ്മാണ തൊഴിലാളികൾ ബീഹാർ, ജാർഖണ്ഡ് സ്വദേശികളാണ്. ഇവരാണ് ലോക്ക്ഡൗൺ കാലത്ത് പട്ടിണിയിലായത്.

കൊവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ ബസ്തി സ്വദേശിയായ 25 കാരനാണ് ആദ്യം മരിച്ചത്. പിന്നാലെ വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. ഗായിക കനിക കപൂറിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് മന്ത്രി ജയ് പ്രതാപ് സിംഗ് സെൽഫ് ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഉത്തർപ്രദേശിൽ നോയിഡ,ഗൗതം ബുദ്ധ എന്നിവിടങ്ങളൊക്കെയാണ് കൊവിഡ് വ്യാപന കേന്ദ്രങ്ങൾ. കടുത്ത വരൾച്ചയും വില തകർച്ചയും ദുരിതത്തിലാക്കിയ കർഷകരെ കൊവിഡ് തകർത്തെറിഞ്ഞു. നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ ഉത്തർപ്രദേശിലെ ദിയോബന്ദിലെ പള്ളി സന്ദർശിച്ചതും പ്രദേശത്ത് ആശങ്ക വ്യാപിപ്പിക്കുന്നു. കേരളത്തിന്റെ ആറിരട്ടി ജനസംഖ്യയുള്ളതും സാമ്പത്തിക അന്തരവും ജനങ്ങളെ വലീയ രീതിയിൽ ബാധിക്കുന്നുണ്ട്.