കാഞ്ഞങ്ങാട് : രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി ആയിരക്കണക്കിന് ലൈസെൻസ്ഡും അല്ലാത്തതുമായി പോർട്ടർമാർ ജോലിചെയ്യുന്നുണ്ട്. യാത്രക്കാരുടെ പെട്ടികളും മറ്റും ചുമക്കുമ്പോൾ കിട്ടുന്ന കൂലി മാത്രമാണ് ഇത്തരം തൊഴിലാളികളുടെ വരുമാനം.

കൊവിഡ് പ്രതിരോധ നടപടികളെത്തുടർന്ന് രാജ്യമൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ഇന്ത്യൻ റെയിൽവേ യാത്രാ തീവണ്ടികൾ നിർത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ തൊഴിലാളികൾ വരുമാനമില്ലാത്ത അവസ്ഥയിലാണ്. റെയിൽ വകുപ്പിലെ മറ്റെല്ലാ തൊഴിലാളികൾക്കും ഈ കാലയളവിലും ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ ഇതൊന്നുമില്ലാത്ത ആയിരക്കണക്കിന് വരുന്ന പോർട്ടർമാരുടെ അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്.

ഈ പാവപ്പെട്ട തൊഴിലാളികളെക്കൂടി ഗുണഭോക്താക്കളാക്കി റെയിൽവേ സാമ്പത്തിക സഹായം നൽകുമെന്ന പ്രതീക്ഷയിലാണിവർ.കണ്ണൂരിനും മംഗലാപുരത്തിന്തയിടയിലെ പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാട്ടും പോർട്ടർമാർ ദുരിതത്തിൽ തന്നെ. യാത്രാവണ്ടികൾ ഓടുന്ന സമയത്താണെങ്കിൽ ശരാശരി 300 രൂപയാണ് കിട്ടിക്കൊണ്ടിരുന്നതെന്നു് മുപ്പതു വർഷമായി ചുമടെടുക്കുന്ന ടി .എ. ഹംസ പറയുന്നത്. മുപ്പതു വർഷത്തിനിടയിൽ ഇതാദ്യമായാണ് ട്രെയിനുകൾ ഓട്ടം നിർത്തുന്നത്.നിലവിൽ കാഞ്ഞങ്ങാട്ട് 6065 കിലോ സാമഗ്രികളാണ് വന്നിറക്കാറുള്ളത്.