കാ ഞ്ഞങ്ങാട്:വൃക്കകളിൽ പ്രോട്ടീൻ അടിയുന്ന രോഗമാണ് പടിമരുതിലെ രവീന്ദ്രൻ നമ്പ്യാർക്ക്.മംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന മരുന്ന് മൂന്നുതവണ പൂടങ്കല്ല് സി.എച്ച്.സിയിൽ വച്ച് കുത്തിവെപ്പിക്കും. ലോക്ക് ഡൗൺ ആയതോടെ മരുന്ന് കിട്ടാതായി.67കാരനായ ഇദ്ദേഹത്തിന്റെ ജീവൻ അപകടത്തിൽപെടുമെന്ന നിലയിൽ ബന്ധുക്കൾ സമീപിച്ചത് ഫയർഫോഴ്സിനെ. നൂറുകിലോമീറ്റർ അപ്പുറം തലശ്ശേരിയിൽ നിന്ന് ഫയർഫോഴ്സ് കൈമാറി കൈമാറി മരുന്ന് എത്തിച്ചപ്പോൾ മറക്കാനാകാത്ത സഹായമായി ഈ കുടുംബത്തിന്.

തലശ്ശേരിയിൽനിന്ന് മരുന്നു കിട്ടുമെന്നറിഞ്ഞാണ് ഫയർഫോഴ്സിനോട് സഹായമഭ്യർത്ഥിച്ചത്. തലശ്ശേരിയിലെ രവീന്ദ്രൻ നമ്പ്യാരുടെ ബന്ധുവാണ് മരുന്ന് വാങ്ങി അവിടത്തെ ഫയർഫോഴ്സിനെ ഏൽപ്പിച്ചത്. തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്കും അവിടെനിന്ന് തൃക്കരിപ്പൂരിലേക്കും സേനാംഗങ്ങൾ മരുന്ന് എത്തിച്ചു. തൃക്കരിപ്പൂരിൽ നിന്ന് കാഞ്ഞങ്ങാട്ടെ സേനാംഗങ്ങളാണ് ഒടയംചാലിലേക്ക് മരുന്നുമായി കുതിച്ചത്. ഫയർമാൻ ഡ്രൈവർ കെ.ടി.ചന്ദ്രൻ, ഫയർമാാൻ ഉണ്ണി എന്നിവർ മരുന്ന് കൈയിലേല്പിച്ചപ്പോൾ രവീന്ദ്രൻ നമ്പ്യാർക്കും കുടുംബത്തിനും നന്ദി പറയാൻ വാക്കുകളില്ലായിരുന്നു.