കുഞ്ഞിമംഗലം:ജനങ്ങളുടെ സുരക്ഷയെ കരുതി വീട്ടിലിരിക്കാൻ നിർദ്ദേശിക്കപ്പെട്ട ദിനങ്ങളിൽ ഒഴിവ് സമയം കോവിഡ്-19 എന്ന മഹാമാരിക്കെതിരെ കടലാസ് കഷണങ്ങൾ കൊണ്ട് ചിത്രമുണ്ടാക്കുകയാണ് ചിത്ര എന്ന കലാകാരി. പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണന്റെ മകളാണ് ചിത്ര.
ലോകം കോവിഡ്-19 നെ ഭീതിയോടെ കാണുമ്പോഴും മാസ്‌ക് ധരിച്ച് വീടും കുടുംബവും ഉപേക്ഷിച്ച് രാപ്പകലില്ലതെ ജോലി ചെയ്യുന്ന പ്രവർത്തകരും സദാ സേവന രംഗത്തുള്ള പൊലീസ് സേനയും ജനങ്ങൾക്ക് ആശ്വാസമാകുന്നതും ,മാസ്‌ക് ധരിച്ച ജനങ്ങളും സ്റ്റേ ഹോം, ബ്രേക്ക് ദി ചെയ്ൻ എന്ന സന്ദേശവും ചിത്രത്തിൽ കാണാം .കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ആദരസൂചകമായിട്ടാണ് കൊളാഷ് നിർമ്മിച്ചത്.
ലോക് ഡൗൺ സമയമായതുകൊണ്ട് തന്നെ പഴയ മാഗസിനുകളിൽ നിന്നും പത്രങ്ങളിൽ നിന്നും ആവശ്യമായ നിറമുള്ള കടലാസ് കഷ്ണം മുറിച്ചെടുത്ത് പ്രതലത്തിൽ ഒട്ടിച്ചെടുത്താണ് ചിത്രം ഉണ്ടാക്കിയത്. ആവശ്യമായുള്ള കളർ പേപ്പർ കണ്ടെത്താൻ കൂടുതൽ സമയമെടുത്തു.ചെറുപ്പം മുതൽ തന്നെ ചിത്രങ്ങളും ശില്പങ്ങളും ചെയ്യുന്ന ചിത്ര നിരവധി തവണ സംസ്ഥാന തലത്തിലും യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയറ്റ് കലോത്സവങ്ങളിലും ചിത്രരചനയിലും കൊളാഷിലും ക്ലേ മോഡലിംഗിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, കടൽത്തീരം,തെയ്യങ്ങൾ, പ്രകൃതി ദൃശ്യം, തുടങ്ങി നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. യുവ ശില്പി ചിത്രൻ കഞ്ഞിമംഗലത്തിന്റെ സഹോദരി കൂടിയായ ചിത്ര നിരവധി ശില്പങ്ങളിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പയ്യന്നൂർ വിശ്വകലാ അക്കാഡമി, തായിനേരി എം.ആർ.സി എച്ച് സ്‌കൂൾ എന്നിവിടങ്ങളിൽ ചിത്രകലാ അദ്ധ്യാപികയാണ്. ഏഴിമല നാവികഅക്കാഡമിയിൽ ജോലി ചെയ്യുന്ന പുഞ്ചക്കാട്ടെ ലതീഷിന്റെ ഭാര്യയാണ്. മക്കൾ പാർവ്വതി,പൃഥ്വി.
(പുരുഷോത്തമ ദാസ്)