തൃക്കരിപ്പൂർ: 1953-55 കാലം. വസൂരി പടർന്നുപിടിച്ച് ആളുകൾ എങ്ങും ചത്തൊടുങ്ങുന്നു. ഇന്നത്തെ പോലെ സാമൂഹ്യ അകലവും ഐസൊലേഷനുമെല്ലാം സമൂഹം സ്വന്തം നിലയിൽ നടപ്പിലാക്കിയ ഓർമ്മയിലാണ് തൃക്കരിപ്പൂർ നടക്കാവിലെ അദ്ധ്യാപകനായ ടി.കെ.കുഞ്ഞിരാമൻ ഓർമ്മിക്കുന്നത്.

വസൂരി പിടിപെട്ട തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് നാട്ടുമരുന്നിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണെന്ന് ഈ എൺപത്തിയേഴുകാരൻ തറപ്പിച്ചുപറയുന്നു. മംഗലാപുരം ഗവ കോളേജിൽ ഇന്റർമീഡിയേറ്റിന് പഠിക്കുകയായിരുന്നു. സീനിയർ വിദ്യാർത്ഥിയായ പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന് വസൂരി പിടിപ്പെട്ടു. ഒരു കമ്പൗണ്ടറുടേയും നഴ്സിന്റെയും ആത്മാർത്ഥത കൊണ്ട് ഭാഗ്യത്തിന് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ആ രോഗംവന്നുള്ള മരണം നാട്ടിൽ ഒരു സംഭവമല്ലാത്ത സ്ഥിതിയായിരുന്നു.

ഇതിനിടെയാണ് തന്റെ ശരീരത്തിലും കരുക്കൾ പൊങ്ങി വന്നത്. അവിടെത്തന്നെയുള്ള ഐസലേഷൻ വാർഡിൽ കഴിയാമെന്നായിരുന്നു ആദ്യ തീരുമാനം.എന്നാൽ സുഹൃത്തും സഹപാഠിയുമായിരുന്ന ഈയ്യക്കാട്ട് വാസുദേവൻ നമ്പൂതിരി (എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ പിതാവ് ) സമ്മതിച്ചില്ല. വൈക്കോൽ നിരത്തിയ ബെഡ്ഡായിരുന്നു ഐസലേഷനിലെ രോഗികൾക്ക് നൽകിയിരുന്നത്. അതും പല രോഗികളും കിടന്നത്.. രോഗം മൂർച്ഛിക്കാനേ ഇത് വഴി വെക്കുകയുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. നമുക്ക് നാട്ടിലേക്കു പോകാമെന്ന വാസുദേവൻ നമ്പൂതിരിയുടെ നിർദ്ദേശം അനുസരിച്ച് ഒരു തോർത്തുമുണ്ട് വാങ്ങി പുതച്ചു കൊണ്ട് രണ്ടു പേരും തൃക്കരിപ്പൂരിലേക്ക് വണ്ടി കയറി.

നടക്കാവിലെത്തിയ ശേഷം ഒറ്റപ്പെട്ട കുടുംബ വീട്ടിൽ അമ്മ ചീയേയിയുടെ കൂടെ നാടൻ ചികിത്സയും ഏകാന്തവാസവും . അങ്ങനെ രോഗം ഭേദമായി.പക്ഷെ ഫൈനൽ ഇയർ പരീക്ഷ തോറ്റു. അച്ഛൻ വഴക്കു പറയുമെന്ന പേടിയുണ്ടായിരുന്നുവെങ്കിലും വസൂരിി കാരണം കുറെ കാലം ക്ലാസിൽ പോകാൻ കഴിയാത്തതിനാലാണെന്ന് പറഞ്ഞത് സമാധാനിപ്പിക്കുകയായിരുന്നു. തുടർന്ന് തലശ്ശേരി ഗവ കോളേജിൽ ചേർന്നാണ് പരീക്ഷ പാസായത്.

ഇന്ന് ഭാര്യ സാദാമിനിയമ്മയോടൊത്ത് വീ ട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹം ശ്രീനാരായണ,​ ,എസ്.എൻ.ഡി.പി.പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അടുത്ത അനുയായിയുമാണ്.തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ആൽമര തണലിൽ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇദ്ദേഹം.