കണ്ണൂർ: കോർപ്പറേഷന്റെ മാലിന്യ നിക്ഷേപ കേന്ദ്രമായ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഇനിയും പുകയടങ്ങിയില്ല. കഴിഞ്ഞമാസം ആദ്യം മാലിന്യത്തിന് ഇവിടെയുണ്ടായ തീപിടിത്തം ദിവസങ്ങളോളം പരിശ്രമിച്ചാണ് കെടുത്താനായത്.

തീപിടിത്തം പതിവായ ട്രഞ്ചിംഗ് ഗ്രൗണ്ട് മിക്കപ്പോഴും അഗ്നിശമനസേനയ്ക്ക് തലവേദനയാണ്. കഴിഞ്ഞമാസവും ഇവിടെ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നാണ് തീ വ്യാപിച്ചത്. തീ അണച്ചെങ്കിലും കനത്തതോതിൽ പ്ലാസ്റ്റിക് മാലിന്യം കത്താൻ തുടങ്ങിയിട്ടുണ്ട്. വർഷങ്ങളായി കൂട്ടിയിട്ട മാലിന്യത്തിന്റെ അടിഭാഗത്തേക്കും പടർന്ന തീ അണക്കൽ എളുപ്പമായിരുന്നില്ല. പത്ത് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന മാലിന്യങ്ങളുടെ കൂമ്പാരത്തിന്റെ പലഭാഗത്തുനിന്നും പുകയും ദുർഗന്ധവും പരിസരമാകെ പടരുന്നത് നാട്ടുകാർക്കും കടുത്ത അസ്വസ്ഥതയുണ്ടാക്കുകയാണ്.

കണ്ണൂരിൽ നിന്ന് രണ്ട് യൂണിറ്റും മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നായി ഓരോ യൂണിറ്റു വീതവുമാണ് എത്തിയത്. പ്രദേശത്തുനിന്ന് വേണ്ടത്ര വെള്ളം ലഭിക്കാതായതോടെ കണ്ണൂരിൽ നിന്ന് കോർപ്പറേഷന്റെ സഹകരണത്തോടെ വെള്ളവുമെത്തിച്ചു.തുടർന്ന് മാലിന്യകേന്ദ്രത്തിന് ചുറ്റും പ്രത്യേക വേലിതീർത്ത് സുരക്ഷിതമാക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഒരു മാസമാകുമ്പോഴേക്കും മാലിന്യക്കൂനയിൽ നിന്ന് വീണ്ടും പുകയുയരുന്നത്.ഇതിന് പുറമെ മാലിന്യത്തിൽനിന്നുള്ള ദുർഗന്ധവും നാട്ടുകാർക്ക് തലവേദനയായി.