മട്ടന്നൂർ:കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വടക്കേ മലബാറിൽ പതിവായി നടത്തപ്പെടുന്ന കളിയാട്ടങ്ങളും മറ്റും നിർത്തി വച്ച സാഹചര്യത്തിൽ തെയ്യം അനുഷ്ഠാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി പ്രകാശൻ പിലാത്തറ ആവശ്യപ്പെട്ടു.
വിവിധ സമുദായത്തിലെ കോലധാരികൾ വാദ്യക്കാർ മറ്റു അണിയറ കലാകാരന്മാർ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. ഉത്തര കേരളത്തിലെ പ്രധാന അനുഷ്ഠാനമാണ് തെയ്യം. പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന 13 ഓളം സമുദായങ്ങളുടെ ജീവിതവൃത്തിയും തെയ്യംകെട്ടാണ്.
ലോക്ക് ഡൗൺ ആയി തെയ്യക്കാലം
തുലാം 10 മുതൽ ഇടവം വരെ ഉള്ള തെയ്യകാലത്തെ ആശ്രയയിച്ചാണ് തെയ്യം കോലാധാരികളും വാദ്യക്കാരും മറ്റു അണിയറ കലാകാരൻമാരും തങ്ങളുടെ ഒരു വർഷത്തെ ജീവിതമാർഗം കണ്ടെത്തുന്നത്. തെയ്യം കെട്ടിയാടുന്ന സമയങ്ങളിൽ പോലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമുദായങ്ങൾക്ക് വരുന്ന മാസങ്ങൾ ദാരിദ്ര്യത്തിന്റെയും കഷ്ട്തകളുടെയും കാലമായിരിക്കും. അണിയലങ്ങളും വാദ്യോപകരണങ്ങളും പുതുക്കി പണിയുന്നത് ബാങ്ക് വായ്പകളെ ആശ്രയിച്ചാണ്. നിലവിലെ സാഹചര്യത്തിൽ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ സമുദായ അംഗങ്ങൾ ബുദ്ധിമുട്ട് നേരിടും. തെയ്യക്കാരുടെ ജീവനും ജീവിതവും വഴിമുട്ടിയ സാഹചര്യത്തിൽ സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം മാത്രമാണ് ഉപജീവനത്തിനുള്ള ഏക മാർഗം എന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടണമെന്നും ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു.