ajaybabu

കണ്ണൂർ: സെൻട്രൽ ജയിലിലെ കൊവിഡ് നിരീക്ഷണ വാർഡിൽ നിന്ന് ജയിൽ ചാടിയ മോഷണക്കേസ് പ്രതിയായ 21കാരൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കാസർകോട്ടെ കാനറ ബാങ്ക് കുത്തിത്തുറന്ന് മോഷണം നടത്തിയ ഹാമിപൂർ സ്വദേശി അജയ്ബാബുവാണ് ഇന്നലെ താവത്ത് പിടിയിലായത്.

വ്യാഴാഴ്ച രാത്രിയാണ് ഈയാൾ തടവുചാടിയത്. . ഇന്നലെ പുലർച്ചെയാണ് ജയിൽ അധികൃതർ സംഭവമറിയുന്നത്. ഇന്നലെ വൈകീട്ട് താവം റെയിൽവേ ട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ ബിജു പ്രകാശ്, എ.എസ്.ഐ മനീഷ്, രാജേഷ്, ഹോം ഗാർഡ് എന്നിവർ ചേർന്നാണ് ചർച്ചിന് സമീപത്ത് നിന്നാണ് ഈയാളെ അറസ്റ്റ് ചെയ്തത്. പൊരി വെയിലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ പകൽ മുഴുവൻ നടന്നെത്തിയ പ്രതിയ്ക്ക് കണ്ണപുരം പൊലീസ് വയറു നിറയെ ഭക്ഷണം നൽകി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം വീണ്ടും ഐസൊലേഷൻ വാർഡിലാക്കി.

കഴിഞ്ഞ മാസം 21ന് കാസർകോട് ടൗണിലെ കനറാ ബാങ്ക് കുത്തിത്തുറന്ന് അകത്ത് കയറി മേശപ്പുറത്ത് നിന്ന് 600 രൂപ കവർച്ച ചെയ്തെന്നാണ് കേസ്. ബാങ്കിൽ കയറിയെങ്കിലും ഈയാൾക്ക് കൂടുതൽ കവർച്ച നടത്താനായിരുന്നില്ല. അന്ന് രാത്രി കാസർകോട് പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. ഇയാളെ റിമാൻഡ് ചെയ്ത് കാസർകോട് ജയിലിലേക്കാണ് അയച്ചതെങ്കിലും കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനാണ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. .

ഐസോലേഷൻ മുറിയുടെ പിന്നിലെ വെന്റിലേഷൻ ഇളക്കിമാറ്റിയാണ് യുവാവ് പുറത്തുകടന്നത്. ഇവിടെ സിനിമാ ഷൂട്ടിംഗിന് കൊടുക്കാറുള്ള മുറിയിൽ പട്ടികയുൾപ്പെടെ സാധനങ്ങളുണ്ട്. ഈ മുറിയുടെ പൂട്ട് തകർത്താണ് മതിൽ ചാടിയത്. ഐസൊലേഷനിൽ കഴിയുന്ന പ്രതിയായതിനാൽ വാർഡർമാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്.