തൃക്കരിപ്പൂർ: കാസർകോട് ,​കണ്ണൂർ ജില്ലകളിലെ ഏറ്റവും വലിയ ആഘോഷമായ പൂരോത്സവത്തിന് സമാപനം കുറിച്ചുള്ള ഭഗവതിമാരുടെ പൂരംകുളി ആറാട്ട് ചടങ്ങുകൾ ഇക്കുറി ഉണ്ടാവില്ല. അൻപതുകളിൽ വസൂരി നിറഞ്ഞാടിയ കാലത്ത് പോലും മുടങ്ങാത്ത ആചാരങ്ങളാണ് ഇക്കുറി തീർത്തും ഒഴിവാക്കിയത്.

ആളുകൾ കൂടുമെന്ന ഭയത്താൽ ഒഴിവാക്കാൻ കഴിയാത്ത ചടങ്ങുകൾ പോലും ഉപേക്ഷിച്ചിരിക്കുകയാണ് ദേശാധിപത്യമുള്ള ക്ഷേത്രങ്ങൾ പോലും.കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ചരിത്രത്തിലാദ്യമായി പൂരക്കളി മറത്തു കളിയും പൂരവും പൂരംകുളിയുമൊക്കെയായുള്ള വടക്കിന്റെ ഏറ്റവും വലിയ ആഘോഷം ഉപേക്ഷിക്കപ്പെടാൻ കാരണം.

ഭഗവതിമാരുടെ എഴുന്നള്ളത്തോടു കൂടിയുള്ള പൂരം കുളി അത്യുത്തരകേരളത്തിൽ വൻതോതിൽ ആളുകൾ കൂടുന്ന ആഘോഷമാണ്. മാടായിക്കാവ്,​ മന്ദംപുറത്ത് കാവ്,​ പിലിക്കോട് രയരമംഗലത്ത് ഭഗവതിക്ഷേത്രം എന്നിങ്ങനെ ദേശാധിപത്യമുള്ള ഭഗവതിമാരുടെ പൂരംകുളി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന എഴുന്നള്ളത്തും കൂടിക്കാണലും കൂടിപ്പിരിയലുമടക്കമുള്ള ആഘോഷങ്ങളോടെയാണ് നടന്നുവരുന്നത്. നിരവധി ഉപക്ഷേത്രങ്ങളിലെ ഭഗവതിമാരുടെ അകമ്പടിയോടെ നടക്കുന്ന രയരമംഗലത്ത് ഭഗവതിയുടെ ഏച്ചിക്കുളങ്ങരയിലെ പൂരംകുളി കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തുന്നത്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്നതാണ് ഇവിടത്തെ പൂരാഘോഷം.

രണ്ട് ക്ഷേത്രങ്ങൾ തമ്മിലുള്ള മറുത്തുകളിയും പൂരക്കളിയുമെല്ലാം ഇക്കുറി പൂർണമായി മടങ്ങി.വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ചതായിരിക്കും മറുത്തുകളി . ഇക്കുറി ഒഴിവായ കളി അടുത്ത വർഷം നടത്തണമെന്ന അഭിപ്രായമാണ് മിക്ക പണിക്കർമാരും പങ്കുവെക്കുന്നത്. വലിയ ഒരുക്കങ്ങൾക്ക് ശേഷമാണ് മറുത്തുകളിയില്ലാതെ ഇക്കുറി പൂരക്കാലം പിരിഞ്ഞുപോകുന്നത്.

അതെ സമയം പുരത്തോടനുബന്ധിച്ചുള്ള വളരെ പ്രധാനപ്പെട്ട ചടങ്ങായ പൂവിടൽ വീടുകൾ കേന്ദ്രീകരിച്ച് മുടക്കമില്ലാതെ നടക്കുന്നുണ്ട്. ചെമ്പകം, നരയൻ ,​ക്ളിനി,​ ചെക്കി തുടങ്ങിയ പൂവുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഋതുമതികളാകുന്നതിന് മുമ്പുള്ള പെൺകുഞ്ഞുങ്ങളാണ് പൂവിടുന്നത്. ദിവസവും രണ്ട് നേരം പൂവിട്ടതിന് ശേഷം പൂരംകുളിയുടെ തലേദിവസം പൂവുകൾ കൊണ്ട് കാമദേവന്റെ രൂപമുണ്ടാക്കി പ്രത്യേക നിവേദ്യം നൽകുന്ന ചടങ്ങാണ് ഇതിൽ പ്രധാനം. പൂരംകുളി ദിവസം വൈകിട്ടോടെ കാമരൂപത്തെ എടുത്ത് ചെറിയ പലകകൾ കൊണ്ട് കൊട്ടി അടുത്തവർഷവും നേരത്തെ കാലത്തെ വരണേ കാമാ എന്ന് പാടി വിളിച്ച് പ്ളാവിൻചുവട്ടിൽ സമർപ്പിക്കുന്നതോടെയാണ് വീടുകളിലെ പൂരാഘോഷം അവസാനിക്കുന്നത്.പൂരച്ചോറ് എന്ന പ്രത്യേക നിവേദ്യവും അന്ന് വീടുകളിലുണ്ടാക്കും. പെൺകുഞ്ഞിന്റെ കന്നി പൂരം വലിയ ആഘോഷമാണ്. കാരയപ്പം അടക്കം ഈ ദിവസം ഉണ്ടാക്കുന്നതാണ് പഴയകാലത്തെ പതിവ്.


പി.ഭാസ്‌കരൻ പണിക്കർ ,എടാട്ടുമ്മൽ, ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ്.


ഏകദേശം ഒരു വർഷത്തോളമായുള്ള തയ്യാറെടുപ്പ് നടത്തിയാണ് ഓരോ പണി ക്കന്മാരും മറത്തു കളിയുടെ വേദിയിലെത്തുന്നത്. എതിർവിഭാഗം പണിക്കരുടെ ചോദ്യങ്ങൾക്കു മുന്നിൽ പതറാതിരിക്കാൻ ഊണും ഉറക്കവും തൊഴിലും ഉപേക്ഷിച്ചാണ് ഓരോ പണി ക്കന്മാരും തയ്യാറെടുക്കുന്നത്. എന്നാൽ ഇതിന്റെയൊക്കെ പരിസമാപ്തിയായ മറത്തു കളിയിൽ മാറ്റുരക്കാൻ അവസരം നഷ്ടപ്പെടുകയെന്നത് നിരാശാജനകമാണ്.

വി.പി.ദാമോദര പണിക്കർ, ( കരിവെള്ളൂർ) സംസ്‌കൃത പണ്ഡിതൻ, പ്രശസ്ത മറത്തു കളി വിദഗ്ദൻ, കേരള സംഗീത അക്കാദമി അവാർഡ് ജേതാവ്

എന്റെ 81 വർഷത്തെ ജീവിതാനുഭവത്തിൽ ആദ്യത്തെ സംഭവമാണ് പൂരക്കളി മറത്തു കളിയും പൂരംകുളിയുമൊക്കെ ആഘോഷിക്കാതിരിക്കുക എന്നത്.1951ൽ വസൂരി പടർന്നു പിടിച്ചപ്പോൽ പോലും പൂരക്കളിയും പൂരവും ആഘോഷിച്ചതായാണ് ഓർമ്മ. കൊവിഡ് വൈറസ്സിന്റെ വ്യാപനത്തെത്തുടർന്ന് സാമൂഹ്യ അകലം പാലിക്കേണ്ടതുകൊണ്ട് നമുക്ക് സർക്കാർ തീരുമാനം മാനിച്ചേ മതിയാവൂ.