കണ്ണൂർ: ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തെ എല്ലാ വിമാന സർവീസുകളും നിറുത്തലാക്കിയ സാഹചരത്തിൽ ബുക്ക് ചെയ്ത യാത്രകൾ പുനഃക്രമീകരിച്ച് നൽകാതെ ചില ഓൺലൈൻ യാത്രാ പോർട്ടലുകൾ. ഏപിൽ 14 വരെയുള്ള കാലയളവിൽ വിമാന യാത്ര ബുക്ക് ചെയ്തവരാണ് കമ്പനികളുടെ ചൂഷണത്തിന് ഇരയാവുന്നത്.
ബുക്ക് ചെയ്ത ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുമ്പോൾ കസ്റ്റമർ കെയർ നമ്പറാണ് നൽകുന്നത്. ഈ നമ്പറിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആണ്. ബെല്ലടിച്ചാൽ തന്നെ ആരും കാൾ എടുക്കുന്നില്ലെന്നും ബുക്ക് ചെയ്തവർ പറയുന്നു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് റീ ഷെഡ്യൂൾ ചെയ്യാൻ സാധിക്കാതെ കബളിപ്പിക്കപ്പെടുന്നത്. റീഷെഡ്യൂൾ ഓപ്ഷൻ നൽകാതെ ടിക്കറ്റുകൾ റദ്ദ് ചെയ്യിക്കാനാണ് ഇത്തരം ഓൺലൈൻ യാത്രാ പോർട്ടലുകൾ ശ്രമിക്കുന്നത്. റീഫണ്ട് ഓപ്ഷൻ നൽകാതെ കാൻസലേഷൻ ഓപ്ഷൻ മാത്രമാണ് ഇത്തരം സൈറ്റിലുള്ളത്. അങ്ങനെ കാൻസൽ ചെയ്യുമ്പോൾ യാത്രക്കാരന് വൻ തുകയാണ് നഷ്ടമാകുന്നത്.
വിമാന കമ്പനികളുടെ ഓഫീസുമായി ബന്ധപ്പെടുമ്പോൾ അവർ റീ ഷെഡ്യുൾ അനുവദിക്കുന്നുണ്ട്. എന്നാൽ അവരിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവർക്ക് മാത്രമാണ് ഈ സേവനം. ബുക്കിംഗ് ഏജൻസി വഴിയോ ഓൺലൈൻ യാത്രാ പോർട്ടലുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഷെഡ്യൂൾ നൽകേണ്ടത് അതത് ബുക്കിംഗ് ഏജൻസികളാണ്. അവരാണ് കിട്ടിയ അവസരം വെച്ച് യാത്രക്കാരെ കബളിപ്പിക്കുന്നത്.
നിയമ നടപടി വേണം
എയർലൈൻ കമ്പനികൾ ഒരു വർഷത്തേക്കുള്ള യാത്രയുടെ തിയതി മാറ്റാനുള്ള അവസരം നൽകുമ്പോഴാണ് ചില ട്രാവൽ കമ്പനികൾ ആളുകളെ ചുഷണം ചെയ്യുന്നത്. ഇതിനെതിരെ നിയമ നടപടി വേണമെന്ന് സൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ആവശ്യപ്പെടുന്നു.