കണ്ണൂർ: മോഷണക്കേസ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ അന്വേഷണത്തിനായി ഉത്തര മേഖല ജയിൽ ഡി.ഐ.ജി എം.കെ. വിനോദ്കുമാർ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചു. ഇന്നലെ രാവിലെ ജയിലിലെത്തിയ അദ്ദേഹം സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡന്മാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ടിലുണ്ടെന്നാണ് അറിയുന്നത്. റിപ്പോർട്ട് ജയിൽ ഡി.ജി.പിക്ക് കൈമാറിയെന്നും അദ്ദേഹമാണ് വീഴ്ചയിൽ നടപടി വേണമോയെന്നത് നിശ്ചയിക്കുകയെന്നും ഡി.ഐ.ജി അറിയിച്ചു.
കാസർകോട്ടെ ബാങ്ക് കവർച്ചാ കേസിലെ റിമാൻഡ‌് പ്രതി യു.പി. സ്വദേശി അജയ്ബാബു (21)വാണ് വെള്ളിയാഴ്ച പുലർച്ചെ ജയിലിലെ ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ അന്നു രാത്രി ഏഴുമണിയോടെ തന്നെ കണ്ണപുരത്ത് നിന്ന് പൊലീസ് പിടികൂടി. ഐസൊലേഷൻ വാർഡിൽ മറ്റ് നാല് പ്രതികളെ കൂടി പാർപ്പിച്ചിട്ടുണ്ടെങ്കിലും ഓരോരുത്തരും വെവ്വേറെ മുറികളിലായതിനാൽ തടവുകാരാരും സംഭവമറിഞ്ഞില്ല. താത്ക്കാലിക വാർഡർമാരായിരുന്നു ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായത്. എന്നാൽ രാവിലെ പഴയ ക്വാറന്റൈൻ ബ്ളോക്കിലെ ഇരുമ്പ് വാതിൽ കുത്തിത്തുറന്ന നിലയിലും ഇയാളെ പാർപ്പിച്ച മുറിയുടെ വെന്റിലേഷൻ ഇളക്കിമാറ്റിയതും കണ്ടാണ് പ്രതി രക്ഷപെട്ടതായി അറിയുന്നത്.