തളിപ്പറമ്പ്: സ്റ്റേഷനറിക്കടയിൽ അനധികൃതമായി വില്പനക്ക് സൂക്ഷിച്ച പെട്രോൾ തളിപ്പറമ്പ് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ഇന്നലെ പരിയാരം പഞ്ചായത്തിലെ വായാട് പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ഇവിടെയുള്ള ഷൈഹാസ് സ്‌റ്റോറിൽ നിന്ന് രണ്ട് കന്നാസുകളിലാക്കി സൂക്ഷിച്ച 29 ലിറ്റർ പെട്രോൾ പിടിച്ചെടുത്തത്. അമിത വിലക്ക് ഇവിടെ നിന്ന് പെട്രോൾ വിൽപ്പന നടത്തുന്നതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

1955 ലെ അവശ്യവസ്തു നിയമപ്രകാരവും കേരള പെട്രോളിയം പ്രൊഡ്ര്രക് ഡീലേഴ്സ് ലൈസൻസിംഗ് ഓർഡർ 1981 ചട്ടപ്രകാരവും അനധികൃതമായി സൂക്ഷിച്ചതിന് കേസെടുത്തു. പരിശോധനയിൽ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ ടി.ആർ.സുരേഷ്, എസ് ഐ കെ.വി.ജഗദീഷ്, താലൂക്ക് ഓഫീസ് സൂപ്രണ്ട് പി.കെ.ഭാസ്‌ക്കരൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ പ്രജിന, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജെയ്സ് ജോസ്, ടി.സി.അരുൺകുമാർ എന്നിവർ പങ്കെടുത്തു

പടം അനധികൃതമായി സ്റ്റേഷനറി കടയിൽ സൂക്ഷിച്ച പെട്രോൾ സിവിൽ സ്‌പ്ലൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നു.