തലശ്ശേരി: ആന്ധ്ര വിജയവാഡയിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത 30 കിലോ ചെമ്മീൻപിടികൂടി നശിപ്പിച്ചു. തലശ്ശേരി മട്ടാമ്പ്രം ഇന്ദിരാ പാർക്കിന് സമീപം നിർത്തിയിട്ട ലോറിയിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

എസ്.ഐ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പുഴുവരിച്ച നിലയിൽ ചെമ്മീൻ കണ്ടത്. മതിയായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൊണ്ടുവന്നതിന് പൊലീസ് കേസെടുത്തു. തലശ്ശേരിയിലെ മത്സ്യ വ്യാപാര ഏജന്റ് റഫീഖ് ആണ് മത്സ്യം കോഴിക്കോട്ടേക്ക് കൊണ്ടുപോകാനായി ഏർപ്പാടാക്കിയത്. ഇയാളിൽ നിന്നും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം പിഴയീടാക്കും. എസ്.ഐ. ബിനു മോഹൻ, ഹെൽത്ത് സൂപ്പർവൈസർ ഉസ്മാൻ ചാലിയാടൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.സി. ലതീഷ്, വി.ആർ. ജയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് ചെമ്മീൻ പിടികൂടിയത്.