കണ്ണൂർ: നാടുമുഴുവൻ കൊവിഡ്-19 ഭീഷണിയിൽ അടച്ചുപൂട്ടലിൽ കഴിയുമ്പോൾ പദ്ധതിച്ചെലവിലും നികുതിപിരിവിലും മികച്ച നേട്ടം കൈവരിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ. പാപ്പിനിശ്ശേരി, പരിയാരം, പാട്യം, കാങ്കോൽ-ആലപ്പടമ്പ്, ഇരിക്കൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ വാർഷിക പദ്ധതി ഫണ്ട് നൂറു ശതമാനവും ചെലവഴിച്ചു. മാങ്ങാട്ടിടം, കൂടാളി, എരഞ്ഞോളി, ചൊക്ലി, രാമന്തളി, കടന്നപ്പളളി-പാണപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകൾ 95 ശതമാനത്തിന് മുകളിൽ ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, പ്രകൃതിക്ഷോഭം സൃഷ്ടിച്ച പ്രതിസന്ധികൾ, കൊറോണ ഭീഷണി മൂലമുണ്ടായ അടച്ചുപൂട്ടൽ എന്നിവയെല്ലാം മറികടന്നാണ് മികച്ച രീതിയിൽ പദ്ധതി പൂർത്തീകരണം നടത്തിയത്.
കൊവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷം വസ്തുനികുതി അടയ്‌ക്കാനുള്ള അവസാന തി​യതി മാർച്ച് 31 എന്നത് ഏപ്രിൽ 30വരെ നീട്ടിയിരുന്നുവെങ്കിലും സാമ്പത്തിക വർഷം അവസാനിച്ച മാർച്ച് 31ന് ചെറുകുന്ന്, പെരളശ്ശേരി, കീഴല്ലൂർ, തൃപ്രങ്ങോട്ടൂർ, മൊകേരി, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം എന്നീ പഞ്ചായത്തുകൾക്ക് നൂറ് ശതമാനം നികുതിയും പിരിച്ചെടുക്കാൻ സാധിച്ചു. പദ്ധതി ഫണ്ട് വിനിയോഗത്തിലും നികുതിപിരിവിലും മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ.അരുൺ അഭിനന്ദിച്ചു.
കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് വകുപ്പിനെ അവശ്യസർവീസായി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാർ അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നുണ്ട്. കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി കിച്ചൺ, ഐസൊലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചുകൊടുക്കൽ, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളുടെ നടത്തിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ചുമതലകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

100 ശതമാനം ചെലവഴിച്ച പഞ്ചായത്തുകൾ

പാപ്പിനിശ്ശേരി, പരിയാരം, പാട്യം, കാങ്കോൽ-ആലപ്പടമ്പ്, ഇരിക്കൂർ

100 ശതമാനം നികുതി പിരിച്ച പഞ്ചായത്തുകൾ

ചെറുകുന്ന്, പെരളശ്ശേരി, കീഴല്ലൂർ, തൃപ്രങ്ങോട്ടൂർ, മൊകേരി, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം