കണ്ണൂർ: കാർഡ് ഉടമകൾക്ക് ഏത് കടകളിൽ നിന്നും റേഷൻ വാങ്ങിക്കാമെന്ന പോർട്ടബിലിറ്റി സംവിധാനം കൊവിഡ് -19 റേഷൻ വിതരണത്തിൽ കടയുടമകൾക്ക് പാരയായി. കൊവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് റേഷൻ കടകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്നത്. കാർഡ് നമ്പറിലെ അവസാന അക്കങ്ങൾ നിശ്ചയിച്ച് ഒരു ദിവസം റേഷൻ കടകളിൽ എത്തേണ്ടവരെ പോലും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ചില റേഷൻ കടകളിൽ സമീപപ്രദേശത്തെ അന്യ റേഷൻ കടകളിലെ കാർഡുകാരും എത്തുന്നതോടെ വിതരണത്തിൽ പ്രതിസന്ധിയാകുന്നതായാണ് കടയുടമകൾ ചൂണ്ടിക്കാട്ടുന്നത്.
ഇങ്ങനെ കൂടുതൽ സാധനങ്ങൾ വിതരണം ചെയ്യേണ്ടിവരുന്നതാണ് റേഷൻ കടകളിലെ സാധനങ്ങൾ കാലിയാകാൻ ഇടവരുത്തുന്നതെന്നാണ് ഇവർ പറയുന്നത്.
തലശ്ശേരിയിലെ ഒരു റേഷൻ കടയിൽ ഇന്നലെ ഉച്ചയാകുമ്പോഴേക്ക് സാധനങ്ങൾ കഴിഞ്ഞിരുന്നു. കണ്ണൂർ നഗരത്തിനടുത്ത കക്കാട്, കൊറ്റാളി, കുന്നുങ്കൈ, അഴീക്കോട് എന്നിവിടങ്ങളിലും സ്റ്റോക്ക് തീർന്നു. കഴിഞ്ഞദിവസം ജില്ലയിൽ 200 റേഷൻ കടകളിൽ അരിയെത്തിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. നമ്പർ നിശ്ചയിച്ച് അഞ്ചുദിവസത്തെ റേഷൻ വിതരണത്തെ കുറിച്ച് സർക്കാർ അറിയിപ്പുണ്ടായതിനാൽ അഞ്ചുദിവസം കഴിഞ്ഞാൽ അരി ലഭിക്കാതാകുമോയെന്ന ആശങ്കയിലും ആളുകൾ കൂട്ടത്തോടെയെത്തുന്നതായി റേഷൻ കടക്കാർ പറയുന്നു. നമ്പർ ക്രമം അനുസരിക്കാതെ റേഷൻ വാങ്ങിക്കാനെത്തുന്നവരുമുണ്ട്.
എന്നാൽ ഇവരെയൊന്നും റേഷൻ കടക്കാർ മടക്കുന്നില്ല. മുൻഗണനാ വിഭാഗങ്ങൾ തങ്ങൾക്കുള്ള വിഹിതത്തിന് പുറമെ 15 കിലോഗ്രാം അരിക്കു കൂടി വാദിക്കുന്നതും റേഷൻ കടകളിൽ തർക്കങ്ങൾക്കിട നൽകുന്നു. മുൻഗണനേതര വിഭാഗങ്ങൾക്കാണ് സർക്കാർ 15 കിലോഗ്രാം സൗജന്യ അരി നൽകുന്നത്. എന്നാൽ ഇതുസംബന്ധിച്ച ശരിയായ അറിവ് ഇപ്പോഴും പല കാർഡുടമകൾക്കുമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കേന്ദ്ര സർക്കാർ വിഹിതമായി ഇനിയും മുൻഗണന വിഭാഗം കാർഡുകാർക്ക് അരിവിതരണമുണ്ട്. ഇതും തർക്കത്തിനിടയാക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.
വ്യാപാരികൾക്ക് 2 മാസ്‌കുകൾ മാത്രം
കൊവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി റേഷൻ കടകളിൽ ഉടമകൾക്കും തൊഴിലാളികൾക്കും ഉപയോഗിക്കാൻ നൽകിയിരിക്കുന്നത് രണ്ട് മാസ്‌കുകൾ മാത്രമാണെന്ന് പരാതി. ഇത് ഉപയോഗിക്കുന്നവർ വൈകിട്ട് വീട്ടിൽ കൊണ്ടുപോയി അലക്കിയുണക്കി രാവിലെ വീണ്ടും കെട്ടേണ്ട ഗതികേടിലാണ്. റേഷൻ കടകളിൽ കൈകഴുകാനുള്ള സംവിധാനമെല്ലാം ഒരുക്കേണ്ടത് വ്യാപാരികൾ തന്നെയാണ്.
റേഷൻ കടയായാലും അടി
റേഷൻ കടകൾ വൈകിട്ട് അഞ്ചുവരെയാണ് തുറന്ന് പ്രവർത്തിക്കേണ്ടതെങ്കിലും നാലുമണിക്ക് കട പൂട്ടാൻ നിർദ്ദേശിച്ച് പൊലീസുകാരെത്തിയതായി വ്യാപാരികൾ. കാസർകോട് ഉദുമയിൽ ഇത്തരം അനുഭവമുണ്ടായി. റേഷൻ കട പൂട്ടിയാൽ മാത്രം പോര, വ്യാപാരികൾ കണക്കുകൾ ശരിയാക്കുകയും കട വൃത്തിയാക്കുകയും വേണം. ഇതൊക്കെയിരിക്കെയാണ് ചില പൊലീസുകാരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം.
ബൈറ്റ്
സ്വയരക്ഷ മറന്ന് ജോലി ചെയ്യുന്ന വ്യാപാരികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയൊരുക്കണം. തർക്കങ്ങളൊഴിവാക്കാൻ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിവരം വ്യക്തമായി കാർഡ് ഉടമകൾക്ക് നല്കണം-
എം.ടി.ബഷീർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി,കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ