അടിയന്തര സാഹചര്യങ്ങളില്ലാതെ സഞ്ചാരം അനുവദിക്കില്ല
പൊതുസ്ഥലങ്ങളിൽ മൂന്നിലേറെ പേർ കൂടിനിൽക്കരുത്
അവശ്യസാധനങ്ങൾക്ക് ഹോംഡെലിവറി സംവിധാനം

കണ്ണൂർ: കൊവിഡ് 19 നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തലശ്ശേരി സബ് ഡിവിഷനിലെ മൂന്ന് മുനിസിപ്പാലിറ്റികളിലും ഏഴ് പഞ്ചായത്തുകളിലുമാണ് കേരള പകർച്ച വ്യാധി നിയമ പ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇതുപ്രകാരം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരം ഇവിടങ്ങളിൽ വിലക്കിയിട്ടുണ്ട്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് പ്രതിദിന റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കണം, പൊലിസ് ഉദ്യോഗസ്ഥരും ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ വീടുകളിൽ സന്ദർശനം നടത്തണം, കൊവിഡ് 19 ബാധിതർ താമസിച്ച വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ അണുവിമുക്തമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇവിടങ്ങളിലെ ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള അടിയന്തര സഹായമോ മറ്റോ ആവശ്യമുണ്ടെങ്കിൽ 9400066063 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നത് കേരള എപ്പിഡെമിക് ഡിസീസ് (കൊവിഡ് 19) റെഗുലേഷൻസ് 2020ലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഉത്തരവ് വ്യക്തമാക്കി.

നിയന്ത്രണം ഇവിടെ

കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ മുനിസിപ്പിലാറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂർ, പന്ന്യന്നൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിലും

52 പേരും വിദേശത്തു നിന്നെത്തിയവർ

ജില്ലയിൽ ഇതുവരെ 52 കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും അവയെല്ലാം വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർക്കായിരുന്നു. എന്നാൽ ഇവരിലേറെ പേരും തലശ്ശേരി സബ് ഡിവിഷൻ പരിധിയിൽ പെട്ട സ്ഥലങ്ങളിൽ നിന്നായതിനാൽ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നടപടികൾ സ്വീകരിക്കുന്നത്. നിയന്ത്രണങ്ങളുമായി പ്രദേശങ്ങളിലെ എല്ലാ ജനങ്ങളും പൂർണമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർഥിച്ചു.

കണ്ണൂരിൽ ഒരാൾക്കു കൂടി കൊറോണ ബാധ
കണ്ണൂർ: ജില്ലയിൽ ഒരാൾക്കു കൂടി ശനിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. മാർച്ച് 21ന് ദുബായിൽ നിന്നെത്തിയ മൂര്യാട് സ്വദേശിയായ 46കാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് 19 ആശുപത്രിയിൽ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. ഇവരിൽ 15 പേർ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയിൽ നിലവിൽ 10276 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നത്.