
കാസർകോട്: സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ള കാസർകോട്ട് അൽപ്പം ആശ്വാസത്തിന്റെ ദിവസം. കൊവിഡ് ബാധിച്ചവരിൽ മൂന്നുപേരുടെ ഫലം ചികിത്സയ്ക്ക് ശേഷം ഇന്നലെ നെഗറ്റീവ് ആയ ദിവസം. ജനറൽ ആശുപത്രിയിലെ ഓരോ ജീവനക്കാരന്റെ മുഖത്തും ആ സന്തോഷമുണ്ട്. കൂട്ടായ പരിശ്രമം ഫലപ്രാപ്തിയിൽ എത്തുന്നതിന്റെ സന്തോഷം.
രണ്ടാഴ്ചയായി ഇവർ ഏറ്റെടുത്ത പേരാട്ടത്തിലെ ആദ്യ വിജയമാണ് ഇത്. ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 ജില്ലയിൽ രണ്ടാംഘട്ടമായി എത്തിയത് മാർച്ച് പകുതിയോടെയാണ്. ദിനംപ്രതി എണ്ണം കൂടി വന്നെങ്കിലും ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആത്മ സമർപ്പണത്തിന് മുമ്പിൽ വൈറസ് കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ ഇവിടെ.
54 വയസ്സും,31 വയസ്സും 27 വയസ്സും ഉള്ള മൂന്ന് പുരുഷൻമാരാണ് രോഗം ഭേദമായി ഇന്നലെ ജനറൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് വാങ്ങി മടങ്ങിയത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ മുതൽ ഡോക്ടർമാർ വരെ ഒരോ മനസ്സോടെ പ്രയത്നിച്ചതിന്റെ ഫലമാണ് ഇത്. ഡോ കുഞ്ഞിരാമൻ, ഡോ.കൃഷ്ണനായിക്, ഡോ ജനാർദ്ദന നായിക് എന്നിവർ നേതൃത്വം നൽകിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഓരോ രോഗിയെയും സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട്, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റാൻ സംഘത്തിലുള്ളവർ മത്സരിച്ചു.
മീനമാസത്തെ ചൂടിനൊപ്പം പേഴ്സൺ പ്രോട്ടക്ഷൻ ഇക്യൂപ്മെന്റ് കിറ്റിനകത്തെ (പി.പി.ഇ കിറ്റ്) ചൂട് കൂടി ഐസോലേഷൻ വാർഡിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ വലച്ചെങ്കിലും ഒരു ദൗത്യമായി കണ്ട് ഇവർ ഒരേമനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിന് ശേഷം വീടുകളിലേക്ക് പോയിട്ടില്ല. ആശുപത്രി കാര്യം തന്നെയാണ് ഇപ്പോൾ ഇവരുടെ കുടുംബകാര്യം.
നിരന്തര പരിശോധന
'കൊവിഡ്19 സ്രവ പരിശോധനയിൽ ഫലം പോസറ്റീവ് ആയി രേഖപ്പെടുത്തിയാൽ, രോഗിയെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കും. തുടർന്ന് ചികിത്സ ആരംഭിക്കും. 72 മണിക്കൂറിന് ശേഷം വീണ്ടും സ്രവവും രക്തവും പരിശോധനയ്ക്ക് അയക്കും. ഫലം നെഗറ്റീവ് ആയി വന്നാൽ 24 മണിക്കൂർ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്രവവും രക്തവും പരിശോധനയ്ക്ക് അയക്കും. അതും നെഗറ്റീവ് ആയി വന്നാൽ രോഗിയെ രോഗമുക്തനായി കണക്കാക്കും.'
ഡോ. കുഞ്ഞിരാമൻ, കാസർകോട് ജനറൽ ആശുപത്രി