കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപതി കൊവിഡ് 19 പ്രതിരോധ ചികിത്സാ രംഗത്ത് മാതൃകയാകുന്നു. സൂപ്രണ്ട് ഡോ. വി.കെ രാജീവൻ്റെ നേതൃത്വത്തിലാണ് ഒരുമാസമായി സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്. ജീവനക്കാർ പ്രതിസന്ധി മനസിലാക്കി വിശ്രമരഹിതനായി സേവനം അനുഷ്ഠിക്കുകയാണ്. 63 ഡോക്ടർമാർ, 680 ഓളം സ്ഥിരം താത്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരെല്ലാം ഒരു മനസോടെ രംഗത്തുണ്ട്. ജീവനക്കാരെ വലുപ്പ ചെറുപ്പമില്ലാതെ കൂട്ടായ്മ വളർത്തിയെടുക്കാൻ സാധിച്ചു എന്നതാണ് ഡോ. രാജീവിന്റെ നേട്ടം. കൊ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ തന്നെ ജില്ലാ ആശുപത്രിയിൽ പഴുതടച്ച സംവിധാനങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൊറോണ രോഗികൾക്കായി 45 ഐസോലേഷൻ യൂണിറ്റ് ആദ്യഘട്ടത്തിൽ സജീകരിച്ചു. പുതുതായി 35 ബെഡുക്കൾ കൂടി സജീകരിച്ചു. ആശുപത്രിയിൽ എത്തുന്ന മറ്റ് രോഗികൾക്ക് യാതൊരു ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ഈ യൂണിറ്റുകൾ സജീകരിച്ചത് വലിയ നേട്ടമായി. ഇപ്പോൾ നിരീക്ഷണത്തിൽ 15 രോഗികളാണ് ഉള്ളത്. ജില്ലാ ആശുപത്രിയിൽ എത്തുന്ന കിഡ്നി സ്നേഹ ജ്യോതി രോഗികൾക്ക് ആശുപത്രിയിൽ എത്താതെ തന്നെ മരുന്ന് നൽകാൻ ഉള്ള സംവിധാനം ഒരുക്കാൻ സാധിച്ചു. ഷഡ് ഡൗൺ പ്രഖ്യാപിച്ചതോടെ കരിവെള്ളൂർ മുതൽ തലശ്ശേരി വരെയുള്ള ജീവനക്കാരെ കൃത്യ സമയത്ത് ഡ്യൂട്ടിക്ക് എത്തിക്കുക വലിയ വെല്ലുവിളിയായിരുന്നു. രണ്ട് ആംബുലൻസിന് പുറമെ മൂന്ന് സ്വകാര്യ വാഹനം കൂടെ എർപ്പാടാക്കി. നെറ്റ് ഡ്യൂട്ടിക്കും ക്വാറൻ്റെനിലും ഉള്ള ഡോക്ടർമാർക്കും ജീവനകാർക്കും ആശുപത്രി പരിസരത്ത് സ്വകാര്യ ലോഡ്ജുകളിൽ മികച്ച താമസ സൗകര്യം ഉറപ്പാക്കി.
കൊറോണ ചികിത്സയിൽ ഫിസിഷ്യൻമാരായ ഡോ. അഭിലാഷ്, ഡോ. ലത, ഡോ. ആഷിശ് ബെൻസ്, ഡോ. സി.വി.ടി ഇസ്മയിൽ, ഡോ. ലേഖ ഉൾപ്പെടെ നല്ല ടീം വർക്ക് സൃഷ്ടിക്കുവാൻ സാധിച്ചതായി ഡോ. രാജീവൻ പറഞ്ഞു. പരിമിതികളെയൊക്കെ അവസരങ്ങളാക്കി മാറ്റി ജീവനക്കാരുടെ കൂട്ടായ്മ ഒരുക്കാൻ സാധിച്ചതാണ് ആശുപതിയുടെ വിജയം എന്ന് അദ്ദേഹം വിലയിരുത്തുന്നു. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് എന്നിവരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ എല്ലാ ജീവനക്കാരെയും ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സൂപ്രണ്ടിന് കഴിഞ്ഞതാണ് ആശുപത്രിയുടെ പ്രവർത്തന മികവ് എന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ ആശുപതി ജീവനക്കാരനുമായ അജയകുമാർ കരിവെള്ളൂർ പറഞ്ഞു. അടിസ്ഥാന വിഭാഗം, നഴ്സിംഗ്, പാരാമെഡിക്കൽ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും സൂപ്രണ്ടിന്റെ ഒറ്റ ടീമായാണ് പ്രവർത്തിക്കുന്നത് എന്ന് ജില്ലാ ആശുപത്രി ജീവനക്കാരനും എൻ. ജി. ഒ യൂണിയൻ യൂണിറ്റ് കൺവീനർ പ്രമോദ് കുമാർ സി. പറഞ്ഞു.