കൂത്തുപറമ്പ്:ഇരതേടുന്നതിനിടയിൽ കിണറ്റിലകപ്പെട്ടുപോയ കാട്ടുപന്നി കൂട്ടത്തിന് വനം വകുപ്പ് ജീവനക്കാർ രക്ഷകരായി. കൂത്തുപറമ്പിനടുത്ത നീർവ്വേലി അളകാപുരിയിലാണ് നാല് കാട്ടുപന്നികൾക്ക് വനം വകുപ്പുകാർ രക്ഷകരായി മാറിയത്.ഇന്നലെ രാവിലെ 10 മണിയോടെയാണ് നീർവ്വേലിക്കടുത്ത അളകാപുരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടുപന്നിക്കൂട്ടം കിണറ്റിൽ വീണത്. തീറ്റ തേടി അലയുന്നതിനിടയിൽ അഞ്ച് കോലോളം താഴ്ച്ചയുള്ള കിണറ്റിൽ പന്നികൾ ഓരോന്നായി വീഴുകയായിരുന്നു.
ശബ്ദം കേട്ട് എത്തിയ പരിസരവാസികൾ പന്നികളുടെ ദൈന്യത കണ്ട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ആറളം വൈൽഡ് ലൈനിൽ നിന്നും എത്തിയ പ്രത്യേക സംഘം കിണറ്റിലിറങ്ങി സാഹസികമായാണ് കാട്ടുപന്നികളെ പുറത്തെടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ പി.വൈശാഖ്, പി. സത്യൻ, ബി.കെ.ബിജു, എ.ജംഷാദ്, ഇ.എൻ.വത്സരാജൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സുരക്ഷിതമായി പുറത്തെടുത്ത നാല് കാട്ടുപന്നികളെയും പിന്നീട് ഫോറസ്റ്റിൽ വിട്ടയച്ചു.
(Photo കാട്ടുപന്നികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നു)