:തിരുവനന്തപുരം,കാസർകോട്: കൊവിഡ് ബാധിതർ കൂടുതലുള്ള കാസർകോട്ട് ന്യൂതന സംവിധാനങ്ങളുള്ള കൊവിഡ് ആശുപത്രി സജ്ജമാക്കാൻ ഡോക്ടർമാർ ഉൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 26 അംഗ വിദഗ്ധ സംഘം ഇന്ന് രാവിലെ കാസർകോട്ടെതതും.
സംഘത്തെ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിന് മുമ്പിൽ നിന്ന് ലോഫ്ലോർ എ.സി ബസിൽ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലാണ് യാത്രയയച്ചത്.സംഘത്തിന് ഗതാഗതം ക്രീമകരണവും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയത് പൊലീസാണ്..നാല് ദിവസത്തിനകം കാസർകോട്ട് കൊവിഡ് ആശുപത്രി തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. മെഡിക്കൽ സംഘം കൊവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. ഇന്ന് മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്ത ശേഷം പ്രവർത്തനം തുടങ്ങും... ജില്ലയിൽ രണ്ടാഴ്ചയോളം സേവനമനുഷ്ഠിക്കുന്ന ഇവർക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
കാസർകോട് മെഡിക്കൽ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെയാണ് കൊവിഡ് ആശുപത്രിയാക്കുന്നത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഏഴ് കോടിയാണ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ഏകോപനത്തിലാണ് പ്രവർത്തനം
സംഘത്തിലുള്ളവർ
അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാർ, ഡോ. രാജു രാജൻ, ഡോ. മുരളി, ന്യൂറോളജിയിലെ ഡോ. ജോസ് പോൾ കുന്നിൽ, ഡോ. ഷമീം, ജനറൽ മെഡിസിനിലെ ഡോ. സജീഷ്, പൾമണറി മെഡിസിൻ വിഭാഗത്തിലെ ഡോ. പ്രവീൺ, ഡോ. ആർ. കമല, നെഫ്രോളജിയിലെ ഡോ. എബി, പീഡിയാട്രിക്‌സിലെ ഡോ. മൃദുൽ ഗണേഷ്, സ്റ്റാഫ് നഴ്‌സുമാരായ ജോസഫ് ജെന്നിംഗ്‌സ്, എസ്.കെ. അരവിന്ദ്, പ്രവീൺ കുമാർ, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിൻ, എം.എസ്. നവീൻ, റിതുഗാമി, ജെഫിൻ പി. തങ്കച്ചൻ, ഡി. ശരവണൻ, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ ആർ.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണൻ, എസ്. അതുൽ മനാഫ്, സി. ജയകുമാർ, എം.എസ്. സന്തോഷ് കുമാർ.
' ഇത്രയും ദൂരം പോയി കൊവിഡ് ബാധിതർ ഏറെയുള്ള സ്ഥലത്ത് സേവനം ചെയ്യാൻ സന്നദ്ധരായ ജീവനക്കാരെ അഭിനന്ദിക്കുന്നു. കാസർകോട് കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. '
- മന്ത്രി കെ.കെ.ശൈലജ
ബസ് ഒരു മണിക്കൂർ
വഴിയിൽ കുടുങ്ങി
ഹരിപ്പാട്: ഇന്നലെ രാവിലെ 11 മണിയോടെ ഹരിപ്പാട്ടെത്തിയ മെഡിക്കൽ സംഘം ചെറിയ വിശ്രമത്തിന് ശേഷം യാത്ര തുടരാൻ ഒരുങ്ങവെ, ബസ്സിലെ ബാറ്ററി തകരാറായത് പ്രശ്നമായി.
. ലോക്ക്ഡൗൺ കാരണം ഡിപ്പോ അവധിയായതിനാൽ മെക്കാനിക്കൽ ജീവനക്കാരെ കിട്ടിയില്ല. അവധിയിലായിരുന്ന ജീവനക്കാർ മെഡിക്കൽ സംഘത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്ഥലത്തെത്തി. ഹരിപ്പാട്ടെ സന്നദ്ധ സേവകരുടെ സംഘടനയായ 'ഹർട്ടി'ന്റെ പ്രവർത്തകരും ഇവർക്കൊപ്പം കൂടി. ഡിപ്പോയിലെ മറ്റൊരു വാഹനത്തിന്റെ ബാറ്ററി ഊരി ഘടിപ്പിച്ച ശേഷം ഒരു മണിക്കൂർ വൈകിയാണ് കാസർകോട്ടേയ്ക്ക് തിരിച്ചത്...