കണ്ണൂർ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മേയർക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് നല്കിയ സി.പി.എമ്മിനെയും നോട്ടീസ് സ്വീകരിച്ച ജില്ലാ കളക്ടറെയും രാഷ്ട്രീയമായി ആക്രമിക്കുന്നതിനൊപ്പം കോർപ്പറേഷൻ ഭരണം നിലനിർത്താൻ യു.ഡി.എഫിൽ ചർച്ചകൾ സജീവമായി. ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ വോട്ടെടുപ്പിൽ വിമത നിലപാട് സ്വീകരിച്ച മുസ്ലിംലീഗ് കൗൺസിലർ കെ.പി.എ സലിമിനെ ഉന്നത നേതാക്കളെ ഉപയോഗിച്ച് അനുനയിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണ്.
അവിശ്വാസ പ്രമേയത്തിൽ 15നാണ് ചർച്ചയും വോട്ടെടുപ്പും നടക്കുന്നത്. ഇതിന് മുമ്പ് സലിമിനെ ഒപ്പം നിർത്താനായാൽ യോഗത്തിൽ പങ്കെടുക്കാതെ പ്രതിസന്ധി മറികടക്കാനാകും. എന്നാൽ താൻ ഉന്നയിച്ച വിഷയങ്ങളിൽ നടപടിയില്ലാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് സലിം.
കക്കാട് പ്രദേശത്ത് ലീഗിലെ രണ്ട് ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ള നാലുപേർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നുമാണ് സലിമിന്റെ ആരോപണം. ഇവർക്കെതിരെ നടപടിയുണ്ടായാൽ പാർട്ടിയുമായി സഹകരിക്കുമെന്ന് സലിം പറയുന്നു.
ഇക്കാര്യത്തിൽ നേരത്തെ നേതൃത്വം വഴങ്ങാതിരുന്നതോടെയാണ് സലിം എൽ.ഡി.എഫിനൊപ്പം നിന്നത്. നേതാക്കൾക്കെതിരായ നടപടി ലീഗിന് ഏളുപ്പമല്ലെന്ന് മുന്നിൽ കണ്ട് എൽ.ഡി.എഫ് നീങ്ങിയതോടെ ഡെപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷിനെ അവർക്ക് എളുപ്പം താഴെയിറക്കാനായി. മേയറെയും പുറത്താക്കി ഭരണം തിരിച്ചു പിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം.
നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഭരണം ആറുമാസം കൊണ്ട് കൈവിടേണ്ട അവസ്ഥയിലാണ് യു.ഡി.എഫ്. യു.ഡി.എഫിലെ ധാരണപ്രകാരം അവസാന ആറുമാസം മേയർ സ്ഥാനം ലീഗിന് കിട്ടേണ്ട അവസ്ഥയിലാണ് ഭരണം തന്നെ നഷ്ടമാകുമെന്ന ആശങ്ക സൃഷ്ടിക്കുന്നത്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട കൗൺസിലർ സി. സീനത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. ഇതുവരെ കോൺഗ്രസിലെ തർക്കമാണ് കോർപ്പറേഷൻ ഭരണം നഷ്ടമാക്കിയതെന്ന ആരോപണവുമായി നടന്ന ലീഗിന് സ്വന്തം അംഗത്തിന്റെ നടപടി ഇപ്പോൾ ഇരുട്ടടിയുമായി.
ആരോപണം പരിശോധിക്കാൻ മൂന്നംഗ സമിതി
എൽ.ഡി.എഫിനൊപ്പം ചേർന്ന സലിമിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും സലിം മേഖല കമ്മിറ്റിയിൽ ഉന്നയിച്ച പ്രാദേശിക വിഷയങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് നല്കാൻ മൂന്നംഗ സമിതിയെ പാർട്ടി നിയോഗിച്ചിരുന്നു. അൻസാരി തില്ലങ്കേരി, കെ.പി താഹിർ, എം.പി.എ റഹിം എന്നിവർ ഒരു സിറ്റിംഗ് നടത്തി പരാതികൾ സ്വീകരിച്ചുവെങ്കിലും ലോക്ക് ഡൗണായതോടെ തെളിവെടുപ്പ് നിർത്തി. എന്നാൽ അവിശ്വാസ പ്രമേയാവതരണം പരിഗണിച്ച് പെട്ടെന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം.